മഹാരാഷ്ട്രയിലെ ഗജാപുര്‍ ഗ്രാമത്തിലെ കുടുംബങ്ങളുടെ ജീവിതമാകെ മാറ്റിമറിച്ച ദിവസമായിരുന്നു ജൂലൈ 14. നൂറുകണക്കിന് തീവ്ര ഹിന്ദുത്വവാദികള്‍ അതിക്രമിച്ച് കയറി പള്ളിയില്‍ കേടുപാടുകള്‍ വരുത്തി. പ്രദേശത്തെ മുസ്‌ലിം വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലരും ജീവനുംകൊണ്ട് കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
മുസ്‌ലിം സമുദായത്തില്‍ ഉള്‍പ്പെട്ടവരുടെ 60ഓളം വീടുകളും കടകളും ആക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. കോലാപൂര്‍ ജില്ലയിലെ വിശാല്‍ഗഢ് കോട്ടയിലെ അനധികൃത കയ്യേറ്റത്തിനെതിരെ ഹിന്ദുത്വ വാദികള്‍ സംഘപ്പിച്ച റാലിക്കിടയിലാണ് ഗജാപുര്‍ ഗ്രാമത്തില്‍ ആക്രമണം അഴിച്ചുവിടുന്നത്. കോട്ടയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.
അക്രമി സംഘം എത്തിയതോടെ വീടുകളിലെ താമസക്കാര്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഇംറാന്‍ മുജാവര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ വീടും അക്രമത്തിനിരയായി. ‘ആയുധങ്ങളുമായി ആളുകള്‍ വീടുകളിലേക്ക് ഇരച്ചുകയറി. ഇതോടെ കുടുംബങ്ങള്‍ സ്വയംരക്ഷക്കായി സമീപത്തെ കാട്ടിലേക്ക് ഓടി. വീടുകള്‍ കൊള്ളയടിക്കുകയും ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്തു. ഏകദേശം 60ഓളം വീടുകള്‍ തകര്‍ക്കപ്പെട്ടു’ -വിശാല്‍ഗഢ് ദര്‍ഗയിലെ ഖാദി കൂടിയായ മുജാവര്‍ പറഞ്ഞു.
ഇദ്ദേഹം പ്രദേശത്ത് ഒരു കടയും നടത്തുന്നുണ്ട്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. മറ്റു പലര്‍ക്കും 15-20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ പോലും അക്രമികള്‍ നശിപ്പിച്ച് വലിച്ചെറിഞ്ഞു. ഈ കുടുംബങ്ങള്‍ക്ക് ഒന്നും പാചകം ചെയ്യാനില്ലാത്ത അവസ്ഥയാണ്. വാള്‍, കത്തി തുടങ്ങിയ ആയുധങ്ങളേന്തിയാണ് അക്രമികള്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
‘എത്രത്തോളം നഷ്ടമുണ്ടെന്ന് ഇപ്പോള്‍ കണക്കാക്കാന്‍ സാധിക്കില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഡസന്‍ കണക്കിന് വാഹനങ്ങള്‍ തകര്‍ത്തു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണ് ചില വീടുകള്‍ തീയിട്ടത്. ഒരു വീട്ടില്‍ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ കുട്ടികളെയും കൂട്ടി ഓടിരക്ഷപ്പെടുകയായിരുന്നു’ -ഇംറാന്‍ മുജാവര്‍ വ്യക്തമാക്കി.
റാലിയില്‍ ഏകദേശം അയ്യായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നതെന്നും പൊലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമികള്‍ ആക്രമണം അഴിച്ചുവിട്ടതെന്നും മുജാവര്‍ പറയുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ പലരും ആശുപത്രികളില്‍ ചികിത്സയിലാണ്.
‘ഗജാപുരിലെ താമസക്കാരെല്ലാം മുസ്‌ലിംകളാണ്. അവരുടെ വീടുകളും സ്വത്തുക്കളുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഗജാപുരിന് സമീപം ഹിന്ദു വീടുകളുണ്ട്. അവയൊന്നും അക്രമികള്‍ തൊട്ടിട്ടില്ല. മുസ്‌ലിംകള്‍ മാത്രമായിരുന്നു അവരുടെ ലക്ഷ്യം’ -മുജാവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രദേശവാസികളുടെയും അയല്‍വാസികളുടെയും സഹായത്താലാണ് ദുരിതബാധിതര്‍ ഇപ്പോള്‍ കഴിയുന്നത്. ഗ്രാമത്തില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരിക്കുന്നു.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് മുസ്‌ലിംകളെ ലക്ഷ്യമിടുന്നതെന്ന് മുജാവര്‍ പറയുന്നു. കലാപം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
വിശാല്‍ഗഢ് കോട്ടയില്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ സംഭാജിരാജെ ഛത്രപതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടപ്പിച്ചത്. റാലിക്കിടെ ഛത്രപതിയുടെ അനുയായികള്‍ ഗജാപുര്‍ ഗ്രാമത്തിലെ പള്ളിയും വീടുകളും ആക്രമിക്കുകയായിരുന്നു. ആളുകള്‍ പള്ളിയില്‍ കയറുന്നതും മുകളില്‍ കാവിപ്പതാക ഉയര്‍ത്തുന്നതിന്റെയെല്ലാം വിഡിയോ പുറത്തുവന്നിരുന്നു.
ജയ് ശ്രീരാം വിളികളോടെയാണ് പള്ളിയിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയത്. കാവി ഷാള്‍ അണിഞ്ഞവര്‍ പള്ളിയുടെ മുകളില്‍ കയറി താഴികക്കുടങ്ങള്‍ തകര്‍ക്കുന്നത് വിഡിയോയില്‍ കാണാം. ആള്‍ക്കൂട്ടം ഖുര്‍ആന്‍ കത്തിക്കുകയും ജനലുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു.
സംഭാജിരാജെ ഛത്രപതിയുടെ പിതാവും കോലപൂരിലെ കോണ്‍ഗ്രസ് എം.പിയുമായ ഛത്രപതി ഷാഹു മഹാരാരജ് സംഭവത്തെ അപലപിച്ചു. ആക്രമണം നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിശാല്‍ഗഢ് കോട്ടയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍, അതിന്റെ പേരില്‍ മുസ്‌ലിംകളെ എന്തിനാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അക്രമ സംഭവത്തിന്റെ പേരില്‍ ബി.ജെ.പി മുന്‍ എം.പി സംഭാജിരാജെ ഛത്രപതി അടക്കം 500ഓളം പേര്‍ക്കെതിരെ കോലാപൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ 21 പേരെ അറസ്റ്റ് ചെയ്തു. വിശാഗഢ് കോട്ടയിലെ കയ്യേറ്റങ്ങള്‍ നീക്കുന്നതിനെച്ചൊല്ലി ഹിന്ദുത്വ വാദികളും ജില്ലാ ഭരണകൂടവും തമ്മിലെ തര്‍ക്കം കാലങ്ങളായി തുടരുന്നുണ്ട്.
1660ല്‍ ഛത്രപതി ശിവാജി രക്ഷപ്പെടാന്‍ ഉപയോഗിച്ച കോട്ടയാണിത്. ഇവിടത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 158 കയ്യേറ്റങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 80 എണ്ണം ജില്ല ഭരണകൂടം ചൊവ്വാഴ്ച നീക്കിയിട്ടുണ്ട്.