X

ഹിന്ദുക്കളുടെ പേരിൽ മുസ്‌ലിംകള്‍ കട തുറക്കരുത്; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

മുസ്‌ലിംകള്‍ ഹിന്ദുക്കളെന്ന വ്യാജേന കടതുറക്കരുതെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിങ്. ഇത്തരത്തില്‍ കടകള്‍ക്ക് പേരിടുന്നവര്‍ക്കെതിരെ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമര്‍ശം. ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍
ഹിന്ദുക്കളുടെ പേരില്‍ കടതുറക്കരുതെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സിങ് പറഞ്ഞു.

‘രാജ്യത്തുടനീളം വാരാണസിയായാലും അയോധ്യയിലായാലും മറ്റ് പ്രദേശങ്ങളിലായാലും മുസ്‌ലിം വിഭാഗം ഹിന്ദുക്കളെ പോലെ നടിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നുണ്ട്. പ്രത്യകിച്ച് സാവാന്‍ ആഘോഷവേളകളില്‍. അവര്‍ കയ്യില്‍ ഹിന്ദുക്കളെ പോലെ ചരടുകള്‍ കെട്ടുകയും ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ ഭരണകൂടത്തോട് അപേക്ഷിക്കുകയാണ്. ഹിന്ദുക്കളുടെ മതപരമായ ആഘോഷ ചടങ്ങുകളിലോ ഉത്സവങ്ങള്‍ നടക്കുന്നിടങ്ങളിലോ കച്ചവടം ചെയ്യുന്നത് മുസ്‌ലിം വിഭാഗം നിര്‍ത്തണം,’ സിങ് പറഞ്ഞു.

ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയും ഗിരിരാജ് സിങിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പും വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ആളാണ് ഗിരിരാജ് സിങ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തനിക്ക് മുസ്ലിങ്ങള്‍ വോട്ട് ചെയ്തില്ലെന്ന സിങിന്റെ പരാമര്‍ശം വിവാദമായിരുന്നു. ബീഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്.

നേരത്തെ മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോഡ്സെയെ പുകഴ്ത്തിയതിന് കോണ്‍ഗ്രസും അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

webdesk13: