X
    Categories: NewsWorld

ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് കാവലിരുന്ന് മുസ്‌ലിംകൾ- വിഡിയോ

ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ക്ക് കാവലിരുന്ന് മുസ്ലിംകള്‍. ഓള്‍ഡ് ധാക്കയിലെ ധാകേശ്വരി ക്ഷേത്രത്തിന് രാത്രി വൈകിയും കാവലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന ആഹ്വാനവും പള്ളികളില്‍നിന്ന് മുഴങ്ങി.

കിഴക്കന്‍ ബംഗ്ലാദേശിലെ കുമിലയിലെയും ചിറ്റഗോങ്ങിലെ ചകാരിയ ഉപസിലയിലെയും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന മുസ്‌ലിംകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചകാരിയയില്‍ വിദ്യാര്‍ഥി സംഘടനയായ ഛത്രി ശിബിരത്തിന്റെ നേതൃത്വത്തിലായിരുന്നു സംരക്ഷണം. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ കാവല്‍ സംഘത്തിലുണ്ടായിരുന്നു. സമരരംഗത്തുള്ള വിദ്യാര്‍ഥി സംഘടന ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ്സ് മൂവ്മെന്റാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യപ്പെട്ട് പള്ളികളിലെ ഉച്ചഭാഷിണികള്‍ വഴി ആഹ്വാനം മുഴക്കിയത്.

‘പ്രിയ പൗരന്മാരെ, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ നമ്മളെല്ലാവരും സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് ഞങ്ങള്‍, സ്റ്റുഡന്റ്സ് എഗൈന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ ഹിന്ദു ന്യൂനപക്ഷത്തെ സംരക്ഷിക്കും. ദുശ്ശക്തികളില്‍നിന്ന് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കും. ഇത് നിങ്ങളുടെയും ഞങ്ങളുടെയും എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ജാഗ്രതയോടെ ഇരിക്കാം’ – എന്നായിരുന്നു ആഹ്വാനം.

അതിനിടെ, രാജ്യത്ത് വ്യാപകമായി ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതായി സംഘ് പരിവാര്‍ പ്രൊഫൈലുകള്‍ ആരോപിക്കുന്നുണ്ട്. 4 ക്ഷേത്രങ്ങള്‍ക്കു നേരെ അക്രമം നടന്നതായി ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി നേതാവ് കജോള്‍ ദേബ്നാഥ് പറഞ്ഞു. അതേസമയം, വിഷയത്തില്‍ വലതുപക്ഷ അക്കൗണ്ടുകള്‍ വര്‍ഗീയ അജണ്ട പ്രചരിപ്പിക്കുകയാണ് എന്ന് ഫാക്ട് ചെക്ക് ജേണലിസ്റ്റ് മുഹമ്മദ് സുബൈര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. വിവിധ ക്ഷേത്രങ്ങള്‍ക്ക് കാവലൊരുക്കിയ മുസ്ലിംകളുടെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ബംഗ്ലാദേശ് ജനസംഖ്യയുടെ എട്ട് ശതമാനമാണ് ഹിന്ദുക്കള്‍. ആകെ 1.31 കോടി.

അതിനിടെ, പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവച്ച സാഹചര്യത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ് ബംഗ്ലാദേശ്. സൈനിക നേതൃത്വം ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ ഇന്ത്യയിലുള്ള ഹസീന ലണ്ടനില്‍ അഭയം തേടുമെന്നാണ് റിപ്പോര്‍ട്ട്. ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് ഇടിച്ചുകയറുന്ന പ്രക്ഷോഭകാരികളുടെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സിവില്‍ സര്‍വീസ് തൊഴില്‍ സംവരണം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭമാണ് ഹസീനയുടെ രാജിയിലേക്ക് നയിച്ചത്.

webdesk13: