പശ്ചിമബംഗാളില്‍ മുഹറം ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കുശേഷം മാതൃകയാക്കാവുന്ന ഒരു വാര്‍ത്ത. ക്യാന്‍സര്‍ രോഗിയായ ഹിന്ദുയുവാവിന് മുഹറം ഘോഷയാത്ര ഒഴിവാക്കി ചികിത്സക്ക് പണം നല്‍കാന്‍ ഒരു പ്രദേശത്തെ മുസ്‌ലിംകള്‍ രംഗത്തുവന്നത് ശ്രദ്ധേയമായി.
ബംഗാളിലെ ഖരക്പൂരിലെ പ്രാദേശിക ക്ലബ്ബാണ് മുഹറം ഘോഷയാത്ര വര്‍ഷംതോറും സംഘടിപ്പിക്കുന്നത്. എന്നാല്‍ അയല്‍ക്കാരനായ യുവാവിന് ക്യാന്‍സര്‍ രോഗമായതിനാല്‍ ഇത്തവണ ഘോഷയാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിനായി സ്വരൂപിച്ച 50,000രൂപ യുവാവിന് ചിക്തസക്ക് കൈമാറുകയും ചെയ്തു. മൊബൈല്‍ റീചാര്‍ജ്ജ് കട നടത്തുന്ന യുവാവിന് ചികിത്സക്കായി 12 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. ഹോഡ്കിങ്‌സ് ലിംഫോമയാണ് ഇയാളുടെ രോഗം. നിലവില്‍ സരോജ് ഗുപ്ത ആസ്പത്രിയില്‍ കീമോതെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് യുവാവ്. തന്റെ സഹോദരങ്ങള്‍ നല്‍കിയ സഹായത്തില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് യുവാവ് പറഞ്ഞു.
മുഹറം ഘോഷയാത്രയും ഗണപതി വിഗ്രഹനിമജ്ജനവും ഒരേ ദിവസം നടത്തുന്നതിനെ തടഞ്ഞ് നേരത്തെ മമതാ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആചാരങ്ങള്‍ ഒരേ ദിവസമായതിനാല്‍ ഉണ്ടായേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കൊണ്ടായിരുന്നു അത്. എന്നാല്‍ കൊല്‍ക്കത്ത ഹൈക്കോടതി ഇത് തടഞ്ഞു കൊണ്ട് രംഗത്തെത്തുകയും ചെയ്തു.