X

ഹൈദരാബാദ് സര്‍വകലാശാലയില്‍ മുസ്‌ലിംകള്‍ക്ക് വിലക്ക്

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി സുനൈറ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതായി ‘സിയാസത്ത്’ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ടി.വി റാവു ഇക്കാര്യം സ്ഥിരീകരിച്ചു. മുസ്‌ലിംകളെ സര്‍വകലാശാലയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് പുതിയ തീരുമാനമെന്ന് റാവു പറഞ്ഞു. ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ യോഗം ചേര്‍ന്നിരുന്നു. ഇത്തരമൊരു യോഗത്തിന് കാമ്പസില്‍ അനുമതിയില്ലെന്നും അതിനാല്‍ മുസ്്‌ലിംകളെ സര്‍വകലാശാലയിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് അധികൃതരുടെ നിലപാട്.

തന്റെ സുഹൃത്തിനെ കാണാനെത്തിയ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയെയും ഹൈദരാബാദ് സര്‍വകലാശാലക്കു മുന്നില്‍ തടഞ്ഞതായാണ് വിവരം. തിരിച്ചറിയല്‍ രേഖ കാണിച്ചെങ്കിലും മുസ്‌ലിംകള്‍ക്ക് കാമ്പസില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

chandrika: