X

മുസ്ലിംകള്‍ അനധികൃതമായി ഭൂമി കയ്യേറി രാജ്യത്തെ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു; വിദ്വേഷ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

മുസ്ലിംകളെ ലക്ഷ്യമിട്ട് ഭൂജിഹാദ് ആരോപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ധാമിയുടെ വിദ്വേഷ പ്രസ്താവന. അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. രാജ്യം കയ്യടക്കുന്നതിനായി ഇന്ത്യയിലെ മുസ്ലിം സമുദായം അനധികൃതമായി ഭൂമി കയ്യേറുന്നതായാണ് ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.

വിഷയത്തില്‍ പുഷ്‌കര്‍ സിങ് ധാമി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഉത്തരാഖണ്ഡില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്താന്‍ മുസ്ലിങ്ങള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ടെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. എസ്.സി, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നും അത് രാജ്യത്തുടനീളം എത്തിക്കാന്‍ ശ്രമിക്കുമെന്നും ധാമി വ്യക്തമാക്കി. മറുവശത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലിം വ്യക്തി നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ മുന്നണിക്കെതിരെ വോട്ട് ജിഹാദ് ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ വിദ്വേഷ പ്രസ്താവന.

 

webdesk13: