X

‘വ്യക്തിനിയമം അവകാശം’: പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തില്‍പ്പെട്ടതാണെന്നും അതിന് ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്നും അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ ഏതെങ്കിലും വകുപ്പു വെച്ച് പരിശോധിക്കേണ്ടതില്ലെന്നും ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. മുത്തലാഖ് വിഷയത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേരത്തെ, മാര്‍ച്ച് 30ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട വനിതാ സംഘടന, കേന്ദ്ര സര്‍ക്കാര്‍, വ്യക്തിനിയമബോര്‍ഡ്, മുസ്്‌ലിം വനിതാ അവകാശ സംഘടനകള്‍ എന്നിവയോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് ഖേഹാര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നിലവിലെ ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ടോ, മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പരിശോധിക്കുന്നത് ഭരണഘടനയുടെ മൂന്നാം ഭാഗത്തിന്റെ (മൗലികാവകാശം) ലംഘനമല്ലേ, ഏതെങ്കിലും മതനിയമം കോടതി വ്യാഖ്യാനിക്കുന്നത് മതം വ്യാഖ്യാനിക്കുന്നതില്‍ നിന്ന് എതിരായാല്‍ ഏതാണ് ആധികാരികമായി പരിഗണിക്കേണ്ടത്, ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകങ്ങളായ മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ മുസ്്‌ലിം നിയമങ്ങള്‍ ഹനഫി, ഹന്‍ബലി, ഷാഫിഈ, മാലികി മദ്ഹബുകള്‍ (ഇസ്്‌ലാമിക കര്‍മശാസ്ത്ര ദര്‍ശനങ്ങള്‍) വിശദീകരിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇവ ഇന്ത്യന്‍ ഭരണഘടനയുടെ അധികാരപരിധിയില്‍ വരുന്നതാണോ, പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ (മതസ്വാതന്ത്ര്യം), 29-ാം വകുപ്പ് (സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം) സംരക്ഷിക്കപ്പെട്ടതല്ലേ എന്നിങ്ങനെ അഞ്ചു ചോദ്യങ്ങളാണ്് മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

നേരത്തെ, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുത്തലാഖും നികാഹ് ഹലാലയും ബഹുഭാര്യത്വവും ഭരണഘടനയുടെ വകുപ്പ് 25 (1)ന്റെ (എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിക്കാനുള്ള അവകാശം) ലംഘനമല്ലേ? എന്നാണ് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിരുന്നത്. ലിംഗസമത്വവും സ്ത്രീയുടെ മഹത്വവും ഉയര്‍ത്തിപ്പിടിക്കണമെന്ന് മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

chandrika: