X

ഖാഇദെമില്ലത്തിന്റെ മണ്ണ് അഭിമാനം കൊണ്ട മുഹൂര്‍ത്തം

ലുഖ്മാന്‍ മമ്പാട്

(ദ്വിദിന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തെ കുറിച്ച് സമഗ്രമായി)

ഏതു കൊമ്പന്‍ കരുതിയാലും മുസ്്‌ലിംലീഗും ഡി.എം.കെയും തമ്മിലുളള ബന്ധം തകര്‍ക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിക്കുമ്പോള്‍ ചെന്നൈ കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിലെ ഹരിതക്കടല്‍ ഹര്‍ഷാരവം മുഴക്കി. തീകത്തുന്ന നട്ടുച്ചവെയിലിലും ആര്‍ത്തുപെയ്യുന്ന പേമാരിയിലും ഇരുളിലും വെളിച്ചത്തിലും ജനമധ്യത്തിലും നിയമനിര്‍മ്മാണ സഭകളിലും ഒരുപോലെ തുടരുന്നൊരു യാത്ര മുക്കാല്‍ നൂറ്റാണ്ടിന്റെ വഴിദൂരം പിന്നിടുമ്പോള്‍ പിറന്നാളാഘോഷ രാവിലെ അതിഥി നിങ്ങളിലൊരുവനാണെന്ന് ഹൃദയത്തില്‍ നിന്ന് മൊഴിയുന്നത് ആദവ് മാത്രമല്ല, വിശ്വാസമാണ്. ആര്‍ക്കും ഉറപ്പിച്ച് പറയാവുന്നൊരു നേരാണ് എഴുപത്തിയഞ്ചിന്റെ നിറവിലും ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിലീഗ് എന്നതാണ് അതിന്റെ കരുത്തും പ്രത്യാശയും.


ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദളപതിക്കും നൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയത്തെ നയിക്കുന്ന പ്രധാനമന്ത്രിമാരുടെ നാലാം തലമുറക്കാരനായ രാഹുല്‍ ഗാന്ധിക്കും പതിത ജനകോടികളുടെ ഹരിതധ്വജത്തെ സല്യൂട്ട് ചെയ്യാതിരിക്കാനാവില്ല. യു.പി.എയുടെ ഘടകക്ഷിയായും ഡി.എം.കെയുടെ ഒന്നാം സഖ്യകക്ഷിയായും യു.ഡി.എഫിന്റെ നെടുംതൂണായും മുസ്്‌ലിംലീഗ് ഉദിച്ചു നില്‍ക്കുന്നത് ഇരുട്ടിവെളുത്തപ്പോള്‍ മുളച്ചൊരു പാഴ്‌ചെടിയല്ലെന്നതിന്റെ അടയാളമാണ്. ഏകമത രാഷ്ട്രത്തിന്റെയും ഏകസിവില്‍ കോഡിന്റെയും ഏകഭാഷാ-ഭക്ഷണ-വസ്ത്ര സംസ്‌കാരത്തിന്റെയും വഴിയിലേക്ക് വൈവിധ്യങ്ങളുടെ പൂങ്കാവനത്തെ കൊണ്ടുപോകുന്ന അസഹിഷ്ണുത മുടിയഴിച്ചാടുന്ന കാലത്ത് സ്വത്വരാഷ്ട്രീയത്തിന്റെ നിലപാടു തറയില്‍ നിന്നൊരു സംഘം ബഹുസ്വരതയെക്കുറിച്ച് തൊണ്ടകീറി പറയുകമാത്രമല്ല, ആത്മാഭിമാനത്തോടെ ദിശകാണിക്കുകകൂടിയാണ്.

മതേതര കക്ഷികളെ ഫലപ്രദമായി കൂട്ടിയോജിപ്പിച്ച് ജനാധിപത്യ സംരക്ഷണത്തിന്റെ വെല്ലുവിളിക്കെതിരായ പോരാട്ടത്തില്‍ സക്രിയമായി ഇടപെടുമെന്ന പ്ലാറ്റിനം ജൂബിലി സമ്മേളന പ്രഖ്യാപനം ദിവാസ്വപ്‌നമല്ല. വര്‍ഗീയ-ഭീകര സംഘടനകളെ തുറന്നുകാണിച്ച് മനുഷ്യത്വത്തിന്റെ ആയുധം തേച്ചുമിനുക്കുന്ന മുസ്്‌ലിംലീഗ് ദ്വിദിന പിറന്നാള്‍ സമ്മേളനത്തിന്റെ തലേന്നും മംഗളകര്‍മ്മത്തിന്റെ മണിയറ തുറന്നാണ് തുടങ്ങിയത്. ഭിന്നിപ്പിനെതിരെ യോജിപ്പിന്റെ സന്ദേശത്തോടെ ഏഴരപതിറ്റാണ്ടിന്റെ പിറന്നാള്‍ ദിനം 75 ജോഡികളെ ഒന്നാക്കി; സമൂഹ വിവാഹത്തില്‍ അതിരുകള്‍ മാഞ്ഞു. ആദ്യഘട്ടത്തില്‍ സുമംഗലികളായ 17ല്‍ മുസ്്‌ലിമും ക്രിസ്ത്യനും ഹൈന്ദവനുമെല്ലാം അവരുടെ ആചാരത്തോടെ മൈലാഞ്ചിയുടെയും സിന്ദൂരത്തിന്റെയും വര്‍ണ്ണംതൊട്ട് നാഗസ്വരത്തിന്റെയും ഒപ്പനപ്പാട്ടിന്റെയും ഘോഷം മുഴക്കി. വൈകാതെ കോയമ്പത്തൂരിലും (15 എണ്ണം) ട്രിച്ചിയിലും (15) തിരുനല്‍വേലിയിലും (15) രാമനാഥപുരത്തും (13) നടക്കുന്നതും ജാതിയുടെയും മതത്തിന്റെയും പൊരുത്തം നോക്കാത്ത തിരുമണങ്ങളാണ്.

മാര്‍ച്ച് 9; കലൈവാണര്‍ അരങ്കം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലേക്ക് 18 സംസ്ഥാനങ്ങളില്‍ നിന്നും നാലു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായെത്തിയ നേതാക്കള്‍ അന്തര്‍ദേശീയ-ദേശീയ രാഷ്ട്രീയകാലാവസ്ഥയെ ഇഴകീറിപരിശോധിച്ചു. മുസ്്‌ലിം ലീഗ് പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പ്രതിനിധികള്‍ക്ക് പുറമെ ഒഴുകിയെത്തിയ പുരുഷാരം പുറത്തെ സ്‌ക്രീനിലും സാകൂതം വീക്ഷിച്ചു. ദി റോള്‍ ഓഫ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് ഇന്‍ എംപവറിംഗ് സെക്യുലര്‍ എന്ന വിഷയത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, കേരള നിയമസഭാ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, ദേശീയ ഭാരവാഹികളായ നയീം അക്തര്‍, മുഹമ്മദ് കോയ, സി.ച്ച് അബ്ദുറഹിമാന്‍ (മഹാരാഷ്ട്ര) ജാവിദ് ഖാന്‍ (മധ്യപ്രദേശ്), മഹമൂദ് അഹമ്മദ് തിന്ത് (പഞ്ചാബ്), മുഹമ്മദലി മരക്കാര്‍ (പുതുച്ചേരി), അഡ്വ.മുഹമ്മദ് ഷാ (ലോയേഴ്‌സ് ഫോറം) തുടങ്ങിയവര്‍ വിവിധത തലങ്ങള്‍ ഇഴകീറി പരിശോധിച്ചു.


രാജ്യസ്‌നേഹവും കൂറും ചോദ്യം ചെയ്യുന്നവരെ ബോധ്യപ്പെടുത്തുന്ന കഠിന തപസ്യയിലൂടെ സാമുദായിക സൗഹാര്‍ദ്ദം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന പന്ത്രണ്ട് പുസ്തകങ്ങളാണ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ അധ്യക്ഷതയില്‍ പ്രകാശനം ചെയ്തത്. പോഷക സംഘടനാ സെഷനില്‍ ദ റോള്‍ ഓഫ് ഇന്ത്യന്‍ യൂത്ത്-വുമണ്‍സ്-സ്റ്റുഡന്‍സ്-കിസാന്‍സ്-പ്രവാസി ആന്റ് വര്‍ക്കേഴ്‌സ് ഇന്‍ നാഷന്‍ ബില്‍ഡിംഗ് ആക്ടിവിറ്റീസ് സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഉദ്ഘാടനം ചെയ്ത ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി മുതല്‍ ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി ഉള്‍പ്പെടെ വിഷയത്തില്‍ ഊന്നി നിന്നു. റസ്‌ബോണ്‍സിബിള്‍ പൊളിറ്റിക്‌സ് വിത്ത് ഹോണറബിള്‍ എക്‌സിറ്റന്‍സ് അവതരിപ്പിച്ച ഐ.ഐ.ടി ഡല്‍ഹിയിലെ ആസിഫ് മുജ്തബയെ കൂട്ടിച്ചേര്‍ക്കുന്നതായിരുന്നു ഡോ.മതീന്‍ഖാന്‍ (യു.പി), അബുല്‍ ഹുസൈന്‍ മുല്ല (ബംഗാള്‍), എം.എ.കെ മുഹമ്മദ് ഷഹാബുദ്ദീന്‍ (പുതുച്ചേരി), മുഹമ്മദ്കുട്ടി (കിസാന്‍ സംഘം), ഷമീം അഹമ്മദ് (രാജസ്ഥാന്‍), അഷ്‌റഫ് ഹുസൈന്‍ (ജാര്‍ഖണ്ഡ്) എന്നിവരുടെ സംസാരങ്ങള്‍. വനിതാ സമ്മേളനം ഉള്‍പ്പെടെ സമയകൃത്യതയുടെ ഘടികാര സൂചിക്കൊപ്പം സഞ്ചരിച്ച് ശോഭമായ ഭാവിയിലേക്ക് തുഴയാനുളള കര്‍മ്മപദ്ധതികളുടെ കരട് തയ്യാറാക്കിയാണ് രാവേറെ കഴിഞ്ഞ് ഗസലിലേക്ക് എത്തിയത്.

മാര്‍ച്ച് 10; കിഴക്കന്‍ ചക്രവാളത്തില്‍ ആദിത്യനു പുലരാനൊരു മടിയുമില്ലായിരുന്നെങ്കിലും കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാതെ പാതിരാകോഴി കൂവുംമുമ്പ് തന്നെ വല്ലാജാ മസ്ജിദ് അങ്കണത്തിലേക്ക് രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഒഴുക്ക് തുടങ്ങിയിരുന്നു. ഒരിക്കലും ആ മുഖം കാണാത്തവരാണ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ ഖബറിടത്തില്‍ കണ്ണീരുകൊണ്ട് പ്രാര്‍ത്ഥനാഞ്ജലികളര്‍പ്പിച്ച് രക്തബന്ധുവിനെപ്പോലെ തലമുറകള്‍ വിതുമ്പിയവരിലേറെയും. പത്തോടെയാണ് അമീറെ ഹിന്ദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീനുമെത്തിയത്. പതിവില്ലാത്ത വെളളതുര്‍ക്കിതൊപ്പിയിട്ട് പി.കെ കുഞ്ഞാലികുട്ടിയും സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, ഡോ.എം.പി അബ്ദുസമദ് സമദാന, കെ. പി ൽ. എ മജീദ് എം. എൽ. എ തുടങ്ങിയവരും എത്തിയപ്പോള്‍ തമിഴ്‌നാട് ഗവണ്മെന്റ് മുഖ്യ ഖാളി മൗലാനാ മുഫ്തി ഡോ.സലാഹുദ്ധീന്‍ മുഹമ്മദ് അയ്യുബെത്തി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

അപ്പോഴേക്കും അര കിലോമീറ്റര്‍ അകലെ മുസ്്‌ലിംലീഗ് പിറവികൊണ്ട രാജാജി ഹാളും (ബാങ്ക്വറ്റ് ഹാള്‍) പരിസരവും ജനനിബിഢമായിരുന്നു. അകത്തുകടക്കാനാവാതെ നൂറുക്കണക്കിന് പേര്‍ വിശുദ്ധഗേഹത്തെയെന്നവണ്ണം കണ്ണിമവെട്ടാതെ നോക്കി വികാരവായ്‌പോടെ നിന്നു. ഉള്ളിലിടം ലഭിച്ചവര്‍ അകത്തളത്തിന്റെ പ്രൗഢിയും ഗാംഭീര്യവുമല്ല, മുക്കാല്‍ നൂറ്റാണ്ട് മുമ്പ് തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിച്ച ചരിത്രനിമിഷത്തിന്റെ ഓര്‍മ്മകളാല്‍ നനഞ്ഞു. ഖാഇദെമില്ലത്തും സംഘവും സംഘടനക്ക് ജന്മമേകിയ അകത്തളത്തിലെ ചുമരുകളില്‍ പോലും ആവേശത്തോടെ തൊട്ടുനോക്കി, ഹൃദയം തുടിച്ചു. സ്വാതന്ത്ര്യാനന്തരം കൗണ്‍സിലര്‍മാരുടെ യോഗത്തിന് മദ്രാസ് നഗരത്തില്‍ ഒരിടവും കിട്ടാത്തപ്പോള്‍, ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംലീഗ് ഔദ്യോഗികമായി പിരിച്ച് വിടാനാണ് യോഗമെന്ന് പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ അതിഥി മന്ദിരമായ (ബാങ്ക്വറ്റ് ഹാള്‍) രാജാജി ഹാള്‍ തന്നെ അനുവദിച്ചത്. 1799ലെ ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാര്‍ മൈസൂര്‍ പിടിച്ചടക്കിയതിന്റെ വിജയ സ്മാരകമായി നിര്‍മ്മിച്ച ബാങ്ക്വറ്റ് ഹാളാണ് സ്വാതന്ത്ര്യത്തിനു ശേഷം രാജാജി ഹാള്‍ എന്നു പേരു മാറ്റിയത്. സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികള്‍ക്കായി മാത്രമെ ഇപ്പോഴും രാജാജിഹാളിന്റെ വാതിലുകള്‍ തുറക്കാറൊള്ളൂ. ദ്രാവിഡ തലൈവര്‍മാരായ അണ്ണാദുരൈ, പെരിയാര്‍ ഇ.വി രാമസാമി, കെ.കാമരാജ്, എം.ജി രാമചന്ദ്രന്‍, ജെ.ജയലളിത, എം.കരുണാനിധി തുടങ്ങിവരുടെ മൃതദേഹങ്ങള്‍ ഔദ്യോഗികമായി പൊതുദര്‍ശനത്തിന് വെച്ചത് ഇവിടെയായിരുന്നു. സ്മൃതിപദങ്ങള്‍ അയവിറക്കുമ്പോള്‍ വാക്കുകള്‍ കണ്ഠത്തില്‍ മുറിഞ്ഞ് മനസ്സിലൂടെ നീറി.

വിവിധ ഭാഷകളില്‍ രാഷ്ട്ര നിര്‍മ്മാണ പ്രതിജ്ഞ പുതുക്കി ആദ്യകാല നേതാക്കളെ ആദരിച്ച് പിരിയാനാവാതെ രാജാജി ഹാളിന്റെ കാന്തികവലയില്‍ നിന്നു; ജുമുഅയുടെ ബാങ്കൊലിയുയര്‍ന്നു. ഖാഇദെമില്ലത്തും സീതിസാഹിബും 75 ആണ്ടുകള്‍ക്കിപ്പുറം അവരുടെ പിന്‍ഗാമികള്‍ ഹോണറബിള്‍ എക്‌സിറ്റന്‍സിന്റെ തലയെടുപ്പോടെ അവിടെയെത്തുമെന്ന് അന്നേ ഉറപ്പിച്ചിട്ടുണ്ടാവണം; ഇതൊരു കേവല ആള്‍ക്കൂട്ടമല്ല.
ഉച്ചയോടെ ചെന്നൈ മഹാനഗരം ഹരിതക്കെവരികളായി ചെന്നൈ കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിലേക്കൊഴുകി. മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞകള്‍ പോലും നടക്കാറുളള ചെന്നൈയിലെ ഏറ്റവും വലിയ പ്രവിശാലമായ മൈതാനം ഒരു പ്രഹ്മാണ്ഡസിനിമാ സെറ്റ്കണക്കെ അണിഞ്ഞൊരുങ്ങിയിരുന്നു. തമിഴിലും മലയാളത്തിലും ഉര്‍ദിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമായി പതിയെ കൊട്ടിക്കയറിയ പ്രസംഗങ്ങള്‍ മര്‍മ്മപ്രധാനമായിരുന്നു. ഇരമ്പിത്തിളച്ച ഹരിതസാഗത്തെ സുനാമികണക്കെ കയ്യിലെടുത്താണ് മുഖ്യമന്ത്രി സ്റ്റാലിന്‍ എത്തിയത്. നിങ്ങളുടെ സമ്മേളനത്തിന് ക്ഷണിച്ചതിന് നന്ദി എന്ന് പറഞ്ഞു തുടങ്ങിയ സ്റ്റാലിന്‍ ഉടന്‍ തിരുത്തി. ക്ഷമിക്കണം, നമ്മളുടെ സമ്മേളനത്തില്‍ എനിക്ക് സംസാരിക്കാന്‍ അവസരം തന്നതില്‍ സന്തോഷമുണ്ട് എന്നതിനോട് കലൈഞ്ജര്‍ കരുണാനിധിയും മുസ്്‌ലിംലീഗും തമ്മിലുള്ള ബന്ധവും വിശദീകരിച്ചു. മുസ്ലിം ലീഗ് പരിപാടികളില്‍ അതിഥി എന്നനിലക്ക് പങ്കെടുക്കുന്നത് കലയിഞ്ചര്‍ കരുണാനിധിക്ക് ഇഷ്മല്ലായിരുന്നു.

ഒരേ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സംഘടനകളാണെന്നും നമ്മള്‍ ഒന്നാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതുതന്നെയാണ് എനിക്കും പറയാനുള്ളത്. നവംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന മുസ്്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിലും പങ്കുടുക്കുമെന്ന് മൂന്നു വട്ടം അവര്‍ത്തിച്ച സ്റ്റാലിന്‍, മുസ്്‌ലിം സമൂഹത്തിന് നീതി ഉറപ്പാക്കാന്‍ കരുണാനിധി, സ്റ്റാലിന്‍ സര്‍ക്കാറുകള്‍ സര്‍ക്കാറുകള്‍ നടപ്പാക്കിയ നബിദിനത്തിന് അവധി നല്‍കിയതും സംവരണം ഏര്‍പ്പെടുത്തിയതുമുള്‍പ്പെട എണ്ണിപ്പറഞ്ഞു. മതത്തിന്റെ പേരില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നവരെ മതേതര ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചു നേരിട്ട് 2024ലെ തെരഞ്ഞെടുപ്പില്‍ താഴെ ഇറക്കുമെന്നും പ്രഖ്യാപിച്ച സ്റ്റാലിന്‍, മതേതര കൂട്ടായ്മയുടെ യാനം വിജയതീരത്തെത്തിക്കുമെന്ന് മുസ്്‌ലിംലീഗ് സമ്മേളന പ്രമേയത്തിന് അടിവരയിട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള അധികരം നല്‍കണം, ദീര്‍ഘകാലമായി അന്യായമായി ജയിലില്‍ കഴിയുന്ന ന്യൂനപക്ഷങ്ങളെ വിട്ടയക്കാന്‍ ഇടപെടണം എന്നീ സമ്മേളന പ്രമേയ ആവശ്യങ്ങള്‍ അപ്പടി അംഗീകരിച്ചാണ് മുസ്്‌ലിംലീഗിന്റെ നിലപാടുകളെ ചേര്‍ത്തുവെച്ചത്. മുസ്്‌ലിംലീഗ് ന്യായമായത് പറയുകയും സുതാര്യമായി നേടിയെടുക്കുകയും ചെയ്യുന്നു എന്നതിന്റെ ഒടുവിലെ ഉദാഹരണം എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിലും സംഭവിച്ചത് കാവ്യനീതിയായി. മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്ക് സംഘടന ചാര്‍ട്ട് ചെയ്ത പ്രത്യേക തീവണ്ടിയിലെത്തുന്നവര്‍ക്ക് സഞ്ചരിക്കാന്‍ മുപ്പത് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ അനുവദിച്ച തമിഴ്‌നാട് സര്‍ക്കാറും നിയമസഭക്ക് സമ്മേളനം പ്രമാണിച്ച് രണ്ടു ദിവസം അവധി നല്‍കിയ കേരള നിയമ സഭയും മാത്രമല്ല, ഇങ്ങനെയൊരു മാതൃക അനിവാര്യമായിരുന്നെന്നും നിലനില്‍ക്കേണ്ടതുണ്ടെന്നും ദ്വിദിന സമ്മേളനത്തോടുള്ള സമീപനത്തിലൂടെ വിവിധ തുറകളില്‍ പെട്ട ജനകോടികള്‍ ഹൃദയാഭിവാദ്യം ചെയ്യുന്നു.

നൂറ്റാണ്ടിലേറെ പഴക്കമുള്ള മലയാള മനോരമ 2023 മാര്‍ച്ച് 9 ന് എഴുതിയ എഡിറ്റോറിയലിലൂടെ സാക്ഷ്യം പറയുന്നത് ഇങ്ങനെയാണ്: ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നിരുന്ന ഒരു സമുദായത്തെ ആധുനിക രാഷ്ട്രീയത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും വഴിയേ കൈപിടിച്ചു നടത്തിയത് ലീഗിന്റെ എടുത്തുപറയേണ്ട സംഭാവനയാണ്. കെ.എം.സീതിസാഹിബിന്റെയും സി.എച്ച്.മുഹമ്മദ് കോയയുടെയും നേതൃത്വത്തില്‍ നടന്ന വിദ്യാവിപ്ലവം മുസ്‌ലിം സമുദായത്തിന്റെ മാത്രമല്ല, നാടിന്റെതന്നെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ നാഴികക്കല്ലായി. സംഘടനാചട്ടക്കൂട് ഭേദിച്ച സന്നദ്ധ, ക്ഷേമ പ്രവര്‍ത്തനങ്ങളും ലീഗ് മുന്നോട്ടുവച്ച വേറിട്ട പ്രവര്‍ത്തനമാതൃകയാണ്. വീഴ്ചകളില്‍നിന്നു പഠിച്ചും തിരുത്തിയുമുള്ള മുന്നേറ്റത്തിന്റേതാണ് ലീഗിന്റെ 75 കൊല്ലത്തെ ചരിത്രം. സമുദായത്തിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ ഉണര്‍വ് ഉപയോഗപ്പെടുത്തി, പുതിയകാല രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നതില്‍ ലീഗിന് ഇനിയും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. പ്രഖ്യാപിത ലക്ഷ്യത്തില്‍ ഉറച്ചുനിന്നുതന്നെ, രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും സര്‍ഗാത്മകമായി ഇടപെടാനും മുസ്ലിംലീഗിനു കഴിയട്ടെ…

(ചന്ദ്രിക എഡിറ്റ് പേജ് 2023 മാർച്ച്‌ 11)

 

webdesk15: