X
    Categories: indiaNews

നേതാക്കളെത്തി; മുസ് ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയിൽ ആരംഭിച്ചു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷപരിപാടികള്‍ക്ക്  ചെന്നൈയിൽ തുടക്കമായി .ഇന്ന് രാവിലെ നടക്കുന്ന സമൂഹവിവാഹത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മഹാ സമ്മേളനത്തിന് പ്രാരംഭം കുറിക്കുന്നത്. ലീഗിന്റെ പ്രധാന നേതാക്കൾ എല്ലാം നഗരത്തിൽ എത്തിക്കഴിഞ്ഞു.ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ 75-ാം വാർഷികം നടക്കുന്ന ചെന്നൈ നഗരം ആഘോഷ തിമിർപ്പിലാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം കൂറ്റൻ ഫ്ലക്സ് ബോർഡുകളും ഹരിത പതാകളെ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.പ്രധാന സ്ഥലങ്ങളെല്ലാം പച്ചത്തുരുത്തുകളായി പരിണമിച്ചിരിക്കുകയാണ്.. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തകർ ചെന്നൈ നഗരത്തിൽ എത്തിത്തുടങ്ങി.

നാളെ കലൈവാണം അരങ്കം ദേശീയപ്രതിനിധി സമ്മേളനത്തിന് സാക്ഷിയാകും. മതേതര ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പ്രതിനിധി സമ്മേളനം വേദിയാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്ര നിര്‍മ്മാണത്തില്‍ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ പങ്ക്, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളാണ് പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യുക.

മാര്‍ച്ച് 10 ന് രാവിലെ ചരിത്രമുറങ്ങുന്ന രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്നതാണ് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. തമിള്‍, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ പ്രതിജ്ഞ നടക്കും. തുടര്‍ന്ന് വൈകിട്ട് ഓര്‍ഡ് മഹാബലിപുരം റോഡിലെ വൈ എം സി എ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാറാലി നടക്കും. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റാലിയില്‍ മുഖ്യാതിഥിയാകും. തമിള്‍ നാട്ടിലെ വാളന്റിയര്‍ മാര്‍ അണിനിരക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡിനും സമ്മേളന നഗരി സാക്ഷിയാകും.

webdesk13: