ആദിവാസി സ്ത്രീകളെ വിവാഹം കഴിച്ച് മുസ്ലിം നുഴഞ്ഞുകയറ്റക്കാര്‍ ജാര്‍ഖണ്ഡില്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തെറ്റെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട്. ബംഗ്ലാദേശി മുസ്‌ലിംകള്‍ സ്വത്ത് തട്ടിയെടുക്കാനായി വിവാഹം ചെയ്ത ഇന്ത്യന്‍ സ്ത്രീകളുടേതെന്ന് പറയപ്പെടുന്ന ഒരു പട്ടിക സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ പ്രചരിപ്പിച്ച പട്ടികയിലെ പല സ്ത്രീകളും മുസ്‌ലിം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടില്ല. അല്ലെങ്കില്‍ അവര്‍ക്ക് കുടുംബ സ്വത്തിന്മേല്‍ അവകാശമില്ല എന്ന് സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.
ജൂലൈ 28 മുതലാണ് ജാര്‍ഖണ്ഡിലെ മയൂര്‍കോല വാര്‍ത്തകളില്‍ നിറഞ്ഞത്. ബി.ജെ.പി രാഷ്ട്രീയക്കാരിയും ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗവുമായ ആശാ ലക്ര, സാഹിബ്ഗഞ്ചിലെ 9 പഞ്ചായത്തുകളില്‍ ഒന്നായി മയൂര്‍കോലയെ പട്ടികപ്പെടുത്തി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യന്‍ മുസ്‌ലിംകളെ വിവാഹം കഴിച്ച സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളാണതെന്ന് ആശാ ലക്ര വാദിച്ചു. റോഹിങ്ക്യന്‍ മുസ്‌ലിംകളെ വിവാഹം ചെയ്ത സ്ത്രീകള്‍ക്ക് അവര്‍ ഒരു പേരുമിട്ടു, മുഖിയകള്‍.
ബി.ജെ.പി സര്‍ക്കാര്‍ മുഖിയകളെന്ന് ആരോപിച്ച 8 സ്ത്രീകളുടെയും വീടുകളിലെത്തി സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തില്‍ അവരില്‍ പലരും വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദുക്കളെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. മയൂര്‍കോലയിലെ കപ്ര ടുഡു, മധുപാദയിലെ ചുങ്കി മറാണ്ടി, സത്ഗാച്ചിയിലെ അലോക സോറന്‍, ഫൂല്‍ബംഗയിലെ സുനിത ഹന്‍സ്ഡാക്ക്, ബര്‍ഹൈത് സന്താലി ഉത്തറില്‍ നിന്നുള്ള സെലീന ഹന്‍സ്ദ, ഗോപാല്‍ഡിലെ സുനിത ടുഡു, കദ്മയില്‍ നിന്ന് എലിജന്‍സ് ഹന്‍സ്ഡ, ദക്ഷിണ് ബേഗംഗഞ്ചില്‍ നിന്നുള്ള ലളിതാ ടുഡു, ലഖിപൂര്‍ സ്വദേശിയായ സൊഹാഗിനി സോറന്‍, ജില്ലാ പരിഷത്ത് ചെയര്‍പേഴ്സണ്‍ മോണിക്ക കിസ്‌കു എന്നിവരെയാണ് മുഖിയകളായി സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്.
പത്ത് കേസുകളില്‍ നാലെണ്ണത്തിലും ആദിവാസി സ്ത്രീകള്‍ മുസ്‌ലിം പുരുഷന്മാരെ വിവാഹം കഴിച്ചുവെന്ന ലക്രയുടെ അവകാശവാദങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് സ്‌ക്രോള്‍ കണ്ടെത്തി. മൂന്ന് സ്ത്രീകള്‍ക്ക് ആദിവാസി ഭര്‍ത്താക്കന്മാരായിരുന്നു. നാലാമത്തെ യുവതി കപ്ര ടുഡു ആദിവാസി സമുദായത്തിന് പുറത്ത് നിന്നായിരുന്നു വിവാഹം കഴിച്ചത്. എന്നാല്‍ അവളുടെ ഭര്‍ത്താവ് നിതിന്‍ സാഹ ഹിന്ദുവാണ്.
ബാക്കിയുള്ള ആറ് ആളുകളും വിവാഹം കഴിച്ചത് മുസ്ലിം യുവാക്കളെയാണ്. എന്നാല്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവരെ വിവാഹം കഴിച്ചതെന്നും ഇന്ത്യന്‍ ഭരണഘടന അതിനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം
യുവാക്കള്‍ ഇവരെ വിവാഹം കഴിച്ചത് സ്വത്ത് കൈക്കലാക്കാനാണെന്നായിരുന്നു ലക്രയുടെ അവകാശവാദം. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പാരമ്പര്യമായി ഭൂസ്വത്തില്ലായിരുന്നു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം പോലെയുള്ള അനന്തരാവകാശ നിയമങ്ങളല്ല മറിച്ച് പാരമ്പര്യ നിയമങ്ങളാണ് പട്ടികവര്‍ഗക്കാര്‍ അനുവര്‍ത്തിക്കുന്നത്. ആചാരമനുസരിച്ച്, ജാര്‍ഖണ്ഡിലെ ആദിവാസി സ്ത്രീകള്‍ക്ക് അവരുടെ പിതാവിന്റെ ഭൂമിയില്‍ അനന്തരാവകാശം ഇല്ല. അതിനാല്‍ ആദിവാസി ഇതര പുരുഷന്മാര്‍ അവരുടെ ഭൂമി പിടിച്ചെടുക്കാന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സാമൂഹിക പ്രവര്‍ത്തക പ്രിയഷീല ബെസ്ര പറഞ്ഞു.
ബി.ജെ.പിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയാണ് ആദിവാസി സ്ത്രീ മുഖിയമാരില്‍ ഒരാളുടെ ഭര്‍ത്താവ്. ‘ഞങ്ങള്‍ വിവാഹിതരായിട്ട് പത്ത് വര്‍ഷത്തിലേറെയായി. എന്തുകൊണ്ടാണ് ഇത് ഇപ്പോള്‍ ഒരു പ്രശ്‌നമാക്കുന്നത്’ അദ്ദേഹം ചോദിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദങ്ങള്‍ അരങ്ങേറുന്നത്. 2019ല്‍ അധികാരത്തിലെത്തിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സര്‍ക്കാരിനെ പുറത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, വനിതാ നേതാക്കളുടെ ഭര്‍ത്താക്കന്മാരുടെ പേരില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.