കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാല പഠിതാക്കളുടെ കോണ്‍വൊക്കേഷന്‍ ജൂണ്‍ 10ന് കോഴിക്കോട് വെച്ച് നടക്കും. കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3മണിക്കാരംഭിക്കുന്ന ചടങ്ങില്‍ വെച്ച് പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് പാഠശാല പകര്‍ന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ആണ് പാഠശാല സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലായി നടന്ന പാഠശാലയുടെ ആദ്യ ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ ആണ് ജൂണ്‍ 10ന് നടക്കുന്നത്. ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. കോഴ്‌സ് പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്ക് പുറമേ സംസ്ഥാന കമ്മിറ്റി നല്‍കിയ നാല് റിഫ്രഷ്‌മെന്റ് കോഴ്‌സ്‌കളില്‍ പങ്കെടുത്ത ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്‍ത്തീകരിച്ച വിവിധ തലങ്ങളിലെ ഒബ്‌സര്‍വര്‍മാര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും.