X

മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ച് ജനുവരി 18ന് തിരുവനന്തപുരത്ത്

ജനവിരുദ്ധ ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് ജനുവരി 18ന് കാല്‍ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് സേവ് കേരള മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ചിന് മുന്നോടിയായി ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിക്കുന്നതിനായി നിയോജക മണ്ഡലം തലത്തില്‍ ജനുവരി ആദ്യവാരം വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. യൂണിറ്റ് തലത്തില്‍ ഇടത്പക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിച്ച് കൊണ്ട് വിചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കും.

യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന കമ്മറ്റി നിലവില്‍ വന്നിട്ട് 2023 ജനുവരി 1ലേക്ക് 50 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അടുത്ത ഒരു വര്‍ഷം സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജനുവരി 2ന് കോഴിക്കോട് കടപ്പുറത്ത് അമ്പത് പതാകള്‍ ഉയര്‍ത്തി ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്ക് തുടക്കമാവും. സംസ്ഥാനത്തെ മുഴുവന്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളും പതാകക്ക് സല്യൂട്ട് നല്‍കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവോത്സവം എന്ന പേരില്‍ ഫുട്ബോള്‍ മത്സരങ്ങളും പ്രസംഗം, പ്രബന്ധം, കവിത, വീഡിയോ എഡിറ്റിഗ്, ഡിസൈനിംഗ് തുടങ്ങിയ വിഷയങ്ങളില്‍ താഴെതട്ട് മുതല്‍ സംസ്ഥാനതല വരെ മത്സരങ്ങള്‍ സംഘടിപ്പിക്കും. സുവര്‍ണ്ണ ജൂബിലി ക്യാഷ് പ്രൈസിനായി യൂത്ത് ടെസ്റ്റ് എന്ന പേരില്‍ ജനറല്‍ നോളേജ് പരീക്ഷയും സംഘടിപ്പിക്കും. 2023 നവംബര്‍ മാസം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി പ്രചാരണ പദയാത്ര സംഘടിപ്പിക്കും. 2023 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനം എറണാകുളത്ത് സംഘടിപ്പിക്കും.സീതി സാഹിബ് അക്കാദമിയ എന്ന പേരില്‍ പാഠശാല നടത്തി വരികയാണ്. പാഠാശാല പഠിതാക്കളുടെ കോണ്‍വൊക്കേഷന്‍ പ്രോഗ്രാം മാര്‍ച്ച് ആദ്യവാരം സംഘടിപ്പിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

 

Test User: