ജംഷഡ്പൂര്‍: കുട്ടിക്കടത്തുകാര്‍ എന്നാരോപിച്ച് അക്രമി സംഘം കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ നാല് യുവാക്കളുടെ വീട് മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. മുഹമ്മദ് നയീം, മുഹമ്മദ് സിറാജ്, മുഹമ്മദ് സജജാദ് എന്നിവരുടെ വീടുകളിലെത്തിയ നേതാക്കള്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് സാക്ഷിയായതെന്ന് നേതാക്കള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കന്നുകാലി കച്ചവടക്കാരായ നാല് പേരുടെയും കുടുംബങ്ങള്‍ ഭരിദ്ര പശ്ചാത്തലത്തിലുള്ളവരാണ്. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്നു. കരഞ്ഞു തളര്‍ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ വാക്കുകളിലാതെ കുഴങ്ങി. അവന്‍ ഞങ്ങളുടെ ഏക അത്താണിയായിരുന്നു. ജീവനു വേണ്ടി എത്ര കേണപേക്ഷിച്ചിട്ടും അവര്‍ കേട്ടില്ല. മുഹമ്മദ് അലീമിന്റെ മാതാവ് അത്രയും പറഞപ്പോഴേക്കും പൊട്ടിക്കരഞ്ഞ് പോയി. നാട്ടുകാര്‍ പോലും ആ ഭയത്തില്‍ നിന്നും മോചിതരല്ല. കഴിഞ്ഞ 18 നാണ് ഇവരെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത് .ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ സറായി വേല ഖര്‍സവ ജില്ലയിലെ രാജ്‌നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശോഭാപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. മുഹമ്മദ് അലിം, മുഹമ്മദ് സിറാജ്, മുഹമ്മദ് സജജാദ് എന്നിവര്‍ ഹല്‍ദി പോഖര്‍ ഗ്രാമത്തില്‍ നിന്നുള്ള വരും, മുഹമ്മദ് നയിം ഘഡ്ശില സ്വദേശിയും ആണ്. നാല് പേരുടെയും വീടുകളിലെത്തിയ യൂത്ത്‌ലീഗ് നേതാക്കള്‍ മണിക്കുറുകളോളം ഇരകളുടെ വീട്ടില്‍ ചെലവഴിച്ചു പ്രത്യേക പ്രാര്‍ത്ഥന നടത്തി. സിറ്റി പോലീസ് കമ്മീഷണറെ സന്ദര്‍ശിച്ച് പരാതി നല്‍കി. സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘം കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് നേതാക്കള്‍ അദ്ദേഹത്തെ ബോധിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കണമെന്നും, കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും, മേലില്‍ ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, ജാര്‍ഖണ്ഡ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അംജദ് അലി, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഫ്തി സയ്യിദ് ആലം, ലിയാഖത്ത്,മന്‍സര്‍ ഖാന്‍, ഷാനുല്‍ ഹഖ്, സൊഹൈല്‍ ഖാന്‍, തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.