X

ചരിത്രം കുറിച്ച് മുസ്്ലിം യൂത്ത്ലീഗ് ദേശീയ പ്രതിനിധി സമ്മേളനം

ലുഖ്മാന്‍ മമ്പാട്

ബംഗളൂരു: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും അട്ടിമറിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്്ലിംലീഗ് നാഷണല്‍ പൊളിറ്റക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മതേതരത്വം-ജനാധിപത്യം-സോഷ്യലിസം എന്നീ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം വിഭാഗീയത സൃഷ്ടിക്കുകയാണ് കേന്ദ്ര ഭരണകൂടം. ഭക്ഷണവും വസ്ത്രവും ഭാഷയും മൗലികാവകാശമായ നാട്ടില്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ചെറുക്കണം. ബംഗളുരു ടൗണ്‍ഹാളില്‍ മുസ്്ലിം യൂത്ത്ലീഗ് ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ മുഖമുദ്ര. ലോക രാജ്യങ്ങള്‍ക്കിടയില്‍ നമ്മള്‍ തല ഉയര്‍ത്തി നില്‍ക്കുന്നതും ഈ വൈവിധ്യങ്ങളുടെ സൗന്ദര്യത്തിലാണ്. എന്നാല്‍, എല്ലാം പാടെ തകര്‍ത്ത് ഹിന്ദുത്വതയുടെ പേരില്‍ അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടുകയാണ് ബി.ജെ.പി. ന്യൂനപക്ഷങ്ങളോടും ദളിതരോടും പിന്നോക്കക്കാരോടും ശത്രുക്കളെ പോലെയാണ് സംഘ്പരിവാര്‍ പെരുമാറുന്നത്. നാലു കോടി മുസ്‌ലിംകളുള്ള ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുസ്്‌ലിമിനെ പോലും മത്സരിപ്പിക്കാന്‍ ബി.ജെ.പി കൂട്ടാക്കിയില്ലെന്നത് എന്തു സന്ദേശമാണ് നല്‍കുന്നത്. വിശാലമായ ജനകീയ മുന്നേറ്റത്തിലൂടെ സംഘ് പരിവാറിനെ ചെറുക്കണം. കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യു.പി.എ മുന്നണിയെ ശക്തിപ്പെടുത്തുകയുമാണ് ഇതിന് വഴിയെന്നും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, കെ.എ.എം അബൂബക്കര്‍ എം.എല്‍.എ, മുന്‍ എം.പി എം അബ്ദുറഹിമാന്‍, വനിതാലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ്, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി, തന്‍സീര്‍ ഇബ്രാഹീം സേട്ട്, അഡ്വ.മുനീര്‍ അഹമ്മദ്, പി.കെ ഫിറോസ്, എന്‍ ജവീദുല്ല സംസാരിച്ചു. മുസ്്ലിം ലീഗ് മുന്‍ ദേശീയ പ്രസിഡണ്ട് ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ ചരമ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനക്ക് തങ്ങള്‍ നേതൃത്വം നല്‍കി.

chandrika: