കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ – പെന്‍ഷന്‍ അട്ടിമറിക്കും പൊലീസ് രാജിനുമെതിരെ ജനുവരി 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്‌ട്രേറ്റുകളിലേക്കും മുസ്‌ലിം യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് മനുഷ്യാവകാശങ്ങളുടെ നിഷേധികളായി മാറുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. വാചാടോപങ്ങള്‍ക്കപ്പുറം ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ അഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണ്. കൊലപാതക കേസിലെ പ്രതികളടക്കം സൈ്വര്യ വിഹാരം നടത്തുമ്പോള്‍ എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കരിനിയമം ചുമത്തി ജയിലിലടക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡി.ജി.പിയും മുഖ്യമന്ത്രിയും നല്‍കിയ ഉറപ്പിന് ജനങ്ങളെ കബളിപ്പിക്കാനായിരുന്നു എന്നതിന്റെ തെളിവായിരുന്നു നദീറിനെതിരെ യു.എ.പി.എയും 124എ യും ചുമത്തിയിട്ടുണ്ടെന്ന് കേരള ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയിട്ടുള്ള സത്യവാങ്ത്തിലൂടെ വ്യക്തമായിട്ടുള്ളത്. കൊടിഞ്ഞി ഫൈസല്‍, നാദാപുരത്തെ അസ്‌ലം, കുറ്റ്യാടിയിലെ നസീറുദ്ദീന്‍ തുടങ്ങിയ കൊലപാതക കേസുകളിലെ മുഴുവന്‍ പ്രതികളെയും പിടികൂടണം എന്ന ആവശ്യവും മാര്‍ച്ചില്‍ ഉന്നയിക്കും. പികെ ഫിറോസ് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ മഹാത്മാഗാന്ധിയോട് ചെയ്തതാണ് സര്‍ക്കാര്‍ എഴുത്തുകാരോടും ചിന്തകരോടും ചെയ്യുന്നത്. ഫാഷിസ്റ്റ് ബന്ധമുള്ള പൊലീസിനെ നിലക്കുനിര്‍ത്താന്‍ ആഭ്യന്തരവകുപ്പിനാകുന്നില്ല. വേട്ടക്കാരുടെ വാദമാണ് പൊലീസും ഏറ്റുപാടുന്നത്. അനാവശ്യമായി യുഎപിഎ പിന്‍വലിക്കുമെന്ന് പറഞ്ഞ ശേഷവും അതിനു വിരുദ്ധമായി കോടതിയെ സമീപിച്ച സര്‍ക്കാരിനെതിരെ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. ചാനല്‍ചര്‍ച്ചയില്‍ എല്ലാം അവസാനിപ്പിച്ചെന്ന് പറഞ്ഞ് അവകാശവാദം നടത്തിയവര്‍ മാപ്പുപറയുകയോ നേതൃത്വത്തെ തള്ളിപ്പറയുകയോ ചെയ്യണം. കമല്‍ സി ചവറയുടെ കാര്യത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാവാം. പക്ഷെ, കേസെടുത്തതിന് നീതികരണമില്ല. ദേശീയതയും ദേശീയബോധവും അടിച്ചേല്‍പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ഫിറോസ് പറഞ്ഞു.
അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപനം നടത്തി അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ സാധാരണക്കാരന്റെ ആശ്രയമായ റേഷന്‍ ഷാപ്പുകള്‍ അടച്ചു പൂട്ടുന്ന അവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ട് പോകുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളെ പരിഗണിക്കുന്നതിന് ആവശ്യമായ ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കാര്യക്ഷമമായി നടന്നുവന്നിരുന്ന സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം ഇടത് മുന്നണി സര്‍ക്കാര്‍ ഭാവനയില്ലാതെ പുനക്രമീകരിച്ചത് കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ രഹിതരായി. ലിസ്റ്റില്‍ നിലനില്‍ക്കുന്നവര്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഫിറോസ് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റ് അഡ്വ. സുല്‍ഫീക്കര്‍ സലാം പങ്കെടുത്തു.