കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്തു ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന കാമ്പയിന്റെ സമാപനം കുറിച്ച് കൊണ്ട് ജനുവരി 14ന് എറണാകുളത്ത് വെച്ച് യുവജന മഹാറാലി സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.
ജൂലൈ ഒന്ന് മുതല്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ക്യാംപയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്ത വരികയാണ്. കേന്ദ്രം ഭരിക്കുന്ന മോദീ സര്‍ക്കാറും കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാറും ഒരുപോലെ ജനവിരുദ്ധ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യങ്ങളുടെ കഴുത്തറുത്ത് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍. 2024 ലെ പൊതു തെരഞ്ഞടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രത്യേക നേട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ വര്‍ഗ്ഗീയത ആയുധമാക്കാനാണ് നീക്കം.
ഏക സിവില്‍കോഡും മണിപ്പൂര്‍ വംശഹത്യയും ഇതിന്റെ ഭാഗമാണ്. കൂടാതെ പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവക്ക് യഥേഷ്ടം വില വിര്‍ദ്ധിപ്പിച്ച് കോര്‍പ്പറേറ്റുകളുടെ താല്‍പര്യ സംരക്ഷകരായി കേന്ദ്ര സര്‍ക്കാര്‍ മാറി. കേരളത്തിലും സമാന സാഹചര്യമാണ് നിലവിലുള്ളത്. ഏക സിവില്‍ കോഡിനെ രാഷ്ട്രീയ ലാഭം നേടാനുള്ള ഒളി അജണ്ടയായി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഫാസിസിറ്റ് ഭരണകൂടത്തിന് ചൂട്ട് പിടിക്കുകയാണ് കേരള സര്‍ക്കാറും. ഓണം അടുത്തെത്തിയിട്ടും അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില നിയന്ത്രണ വിധേയമാക്കാന്‍ യാതൊരു നടപടിയും കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കേന്ദ്ര – കേരള സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെ പൊതു സമൂഹത്തില്‍ തുറന്ന് കാട്ടുകയെന്നതും കാമ്പയിന്റെ ലക്ഷ്യമാണെന്ന് നേതാക്കള്‍ തുടര്‍ന്നു. കാമ്പയിന്റെ ഭാഗമായി ശാഖകളില്‍ യൂത്ത് മീറ്റ്, പഞ്ചായത്ത് തലത്തില്‍ പ്രതിനിധി സംഗമം, മണ്ഡലം തലത്തില്‍ സ്മൃതി വിചാരം തുടങ്ങിയവ നടന്ന് വരുന്നു. ജില്ലാ തലത്തില്‍ നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിക്കും. ജനുവരിയി 14ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന യുവജന മഹാറാലി ചരിത്ര സംഭവമാക്കാന്‍ തങ്ങളും ഫിറോസും ആഹ്വാനം ചെയ്തു.