X

സംഘ് ഭീകരര്‍ കൊലപ്പെടുത്തിയ മുഹമ്മദ് കാസിമിന് യൂത്ത് ലീഗ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നാളെ

ലഖ്‌നൗ: യുപിയിലെ ഹാപൂരിനടുത്തുള്ള പിലഖ്വയില്‍ സംഘ്പരിവര്‍ ഭീകരര്‍ തല്ലിക്കൊന്ന മുഹമ്മദ് കാസിമിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ ഗൃഹപ്രവേശനം നാളെ. യു പി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

കുറിപ്പ് വായിക്കാം.

ആലിയ മോളുടെ ഗ്രഹപ്രവേശമാണ് നാളെ..

ഉത്തര്‍പ്രദേശിലെ ഹാ പൂരിനടുത്ത് പിലഖ്വയില്‍ സംഘ് ഭീകരര്‍ തല്ലിക്കൊലപ്പെടുത്തിയ മുഹമ്മദ് കാസിമിന്റെ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ ഗൃഹപ്രവേശമാണ് നാളെ.

രണ്ടാം മോദി മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്റെ തലേ ദിവസമാണ് ആ അനാഥ കുടുംബത്തിന് സ്വന്തമായൊരു വീടിന്റെ സുരക്ഷിതത്വം നല്‍കുമെന്ന് നാം പ്രഖ്യാപിച്ചത്. ആ ഗ്രാമത്തിലെ പൊതു പ്രവര്‍ത്തകനായ മുഹമ്മദ് നഈം കാസിമിന്റെ ഭാര്യയുടെ പേരില്‍ നല്‍കിയ ഭൂമിയിലാണ് വീട് നിര്‍മ്മിച്ചത്. യു പി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കാസിമിന്റെ സഹോദരന്‍ സലീമിന്റെ ചെറിയ വസതിയിലായിരുന്നു കാസിമിന്റെ മരണശേഷം ആ കുടുംബം താമസിച്ചിരുന്നത്. കാസിമിന്റെ ഇളയ മകള്‍ ആലിയയും അര്‍ഷും ഉമ്മയും പിന്നെ സലിമിന്റെ കുടുംബവും ആ ചെറിയ വീട്ടില്‍ ശ്വാസം മുട്ടി കഴിയുന്നു എന്നത് കൊണ്ട് തന്നെ പണി നേരത്തേ തന്നെ പൂര്‍ത്തിയാക്കി അവര്‍ക്ക് പുതിയ വീട്ടില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയിരുന്നു.

നിങ്ങളെല്ലാവരും ഞങ്ങളുടെ വീട്ടില്‍ വന്ന് ഒരുമിച്ച് കൂടി സന്തോഷത്തോടെ ഗൃഹപ്രവേശം നടത്തണം എന്നത് അവരുടെ ആഗ്രഹമായിരുന്നു. ലോക് ഡൗണ്‍ മൂലം നീണ്ടു പോയ ആ ചടങ്ങ് നാളെ നമ്മള്‍ നടത്തുകയാണ്.

‘അബ്ബയുണ്ടായിരുന്നപ്പോ അതായിരുന്നു ഞങ്ങളുടെ വീട് ‘ അന്ന് കാസിമിനോടൊപ്പം ജീവിച്ചിരുന്ന വാടക വീട് ചൂണ്ടിക്കാണിച്ച് ആലിയ പറഞ്ഞ വാക്കുകളാണ്. അബ്ബയില്ലാത്ത വിഷമം അവള്‍ ഒരിക്കലും മറക്കില്ല. എങ്കിലും ഇതെന്റെ വീടാണെന്ന് ആ വീട്ടുമുറ്റത്ത് നിന്ന് നാളെ അവള്‍ പുഞ്ചിരിച്ച് കൊണ്ട് പറയും. ആ പുഞ്ചിരി മുസ്ലിം ലീഗിന്റെ ഓരോ പ്രവര്‍ത്തകനും അവകാശപ്പെട്ടതാണ്.

Test User: