റാഞ്ചി: മുസ്്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജാര്‍ഖണ്ഡിലെത്തി. സാബിര്‍ എസ് ഗഫാറിന്റെ നേതൃത്വത്തില്‍ സാരാഖല്ല പൊലീസ് സൂപ്രണ്ടിനെ കണ്ട് പരാതി നല്‍കി. സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം തബ്‌റേസ് അന്‍സാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച നേതാക്കള്‍ അടിയന്തിര ധനസഹായവും നല്‍കിയാണ് മടങ്ങിയത്. സംഘ്പരിവാര്‍ ആള്‍ക്കൂട്ട ഭീകരതക്കെതിരെ റാഞ്ചിയില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭത്തെ യൂത്ത് ലീഗിനു വേണ്ടി സി കെ സുബൈര്‍ അഭിവാദ്യം ചെയ്തു.
ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിനടുത്താണ് 22 വയസുകാരനായ അന്‍സാരി കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വരെ മര്‍ദ്ദനത്തിനിരയാക്കിയ ശേഷം പൊലീസിന് കൈമാറുകയായിരുന്നു. അവശനായിരുന്ന അന്‍സാരിക്ക് അടിയന്തിരമായി ലഭിക്കേണ്ട ചികിത്സ പോലും നിഷേധിച്ച് കസറ്റഡിയില്‍ സൂക്ഷിച്ചു. നാല് ദിവസത്തിനു ശേഷം മരണപ്പെട്ട അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. കള്ളനെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത്. പൂനെയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ജോലി സ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ക്കൊക്കെ നല്ല അഭിപ്രായമായിരുന്നു.
പ്രതികളെ രക്ഷപ്പെടുത്താനാണ് ഈ കള്ളക്കഥ ഉണ്ടാക്കുന്നത്. പൊലീസ് സ്‌റ്റേഷനിലെത്തിയ ഞങ്ങളെ അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ അനുവദിച്ചില്ല. ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടപ്പൊള്‍ നിങ്ങളെയും കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. വിതുമ്പിക്കരഞ്ഞ് കൊണ്ട് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീണ്‍ നേതാക്കളോട് പറഞ്ഞു.
അനാഥനായിരുന്ന അന്‍സാരി ഒരു മാസം മുന്‍പാണ് വിവാഹിതനായത്. ജീവിതത്തെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളെയാണ് വര്‍ഗീയത തലക്ക് പിടിച്ച ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വിഷയം ഉന്നയിച്ച് കൊണ്ട് പാര്‍ലമെന്റില്‍ മുസ്്‌ലിം ലീഗ് എം.പി മാര്‍ നടത്തിയ ഇടപെടലുകളെ കുടുംബം അഭിനന്ദിച്ചു. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
യൂത്ത് ലീഗ് പ്രസിഡണ്ട് സാബിര്‍ എസ് ഗഫാറിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ നേരില്‍ കണ്ടു. സംഭവത്തില്‍ അന്‍സാരിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഓഫീസര്‍മാരുടെ പങ്ക് പുറത്ത് കൊണ്ടുവരുന്ന വിധം നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാജിദ് ആലം, യൂത്ത് ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡണ്ട് ഇര്‍ഫാന്‍ ഖാന്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഫ്തി സയീദ് ആലം, എം എസ് എഫ് കണ്‍വീനര്‍ മിര്‍ ഷെഹ്‌സാദ്, അബ്ദുള്‍ ഖയ്യും അന്‍സാരി, തബ് റേസ് ഖാന്‍, ഷഹ്‌സാദി ഖാത്തൂന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
വര്‍ദ്ധിച്ചു വരുന്ന ഈ ഭീകരത തടയാന്‍ ശക്തമായ നിയമ നിര്‍മ്മാണം വേണം. സുപ്രിം കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ തുടരുന്നത് ഈ ഭീകരതക്ക് ചുട്ടു പിടിക്കാനാണ്. ഈ ആള്‍ക്കൂട്ട ഭീകരതക്കു പിന്നിലെ വംശീയ വര്‍ഗീയ അജണ്ടകള്‍ തിരിച്ചറിയപ്പെടണം. ദളിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ മാതൃകയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്ക് മുസ്ലിം യൂത്ത് നേതൃത്വം കൊടുക്കുമെന്ന് സാബിര്‍ എസ് ഗഫാര്‍, സി കെ സുബൈര്‍ എന്നിവര്‍ അറിയിച്ചു.