കോഴിക്കോട് : സംസ്ഥാനത്ത് സര്‍ക്കാര്‍ പദ്ധതികളെയും ആനുകൂല്യങ്ങളെയും ദുരുപയോഗം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളാക്കി മാറ്റുകയാണ് ഭരണത്തിന്റെ തണലില്‍ സി.പി.എം ചെയ്ത് വരുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭിപ്രായപ്പെട്ടു. ജനസഹായി ഓഫീസ് സ്റ്റാഫുകള്‍ക്കും റിസോഴ്‌സ് പേഴ്‌സണ്‍സിനുമുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിറ്റ് വിതരണത്തിലും പെന്‍ഷന്‍ വിതരണത്തിലും കൈകടത്തിയ സി.പി.എം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നല്ല നിലയില്‍ നടന്ന് വന്നിരുന്ന ഭവന പദ്ധതികളെ ലൈഫ് എന്ന പേരിട്ട് സ്വന്തം പരിപാടിയാക്കി മാറ്റാനാണ് ശ്രമിച്ചത്. പാര്‍ട്ടിക്ക് ലാഭമുണ്ടാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പദ്ധതികളിലെ താത്പര്യക്കുറവ് സി.പി.എം അത്തരം പദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. ആശ്വാസ കിരണ പദ്ധതി നിര്‍ത്തലായത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇതേ സമയം പാര്‍ട്ടി ഓഫീസുകളില്‍ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ്, മുസ്‌ലിം ലീഗ് യൂത്ത് ലീഗിന്റെ ജനസഹായി കേന്ദ്രത്തിലൂടെ പൊതുജനങ്ങളെ സഹായിക്കുന്ന മാതൃക പദ്ധതി നടപ്പിലാക്കുന്നത്.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്രമാക്കി പ്രാദേശിക പാര്‍ട്ടി ഓഫീസുകളെ സേവന കേന്ദ്രങ്ങളാക്കി പൊതുജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ഒരു ജനകീയ പദ്ധതിയാണ് ജനസഹായി. ആദ്യ ഘട്ടത്തില്‍ 50സെന്ററുകള്‍ സമര്‍പ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ തുടങ്ങുന്ന ജനസഹായി കേന്ദ്രങ്ങളിലെ ഓഫീസ് സ്റ്റാഫുകള്‍ക്കും റിസോഴ്‌സ് പേഴ്‌സണ്‍സിനുമുള്ള ശില്‍പശാലയാണ് കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും ജനസഹായി സംസ്ഥാന കോര്‍ഡിനേറ്ററുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ ആമുഖ പ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി. ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു. ഹാരിസ് കരമന, കെ.എം.എ റഷീദ്, ടി.പി ഹാരിസ്, എം.പി ഷാജഹാന്‍, സലാം പൊയനാട് സംബന്ധിച്ചു. ഷമീര്‍ ഇടിയാട്ടില്‍, ഷുഹൈബ് ശില്‍പശാലക്ക് നേതൃത്വം നല്‍കി.