കോഴിക്കോട് : സർക്കാർ ഉദ്യോഗങ്ങളിൽ മുസ്‌ലിം സംവരണം അട്ടിമറിക്കാനുള്ള ഇടത് സർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഫിബ്രുവരി 6 ന് കലക്ട്രേറ്റ് മാർച്ച് നടത്തും. വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ക്യാമ്പയിൻ സമാപനമായി കോഴിക്കോട് നടത്തിയ മഹാറാലിയിലാണ് സമര പ്രഖ്യാപനം നടത്തിയത്. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നടപ്പിലാക്കാനാണെന്ന വാദം ഉയർത്തിയാണ് രണ്ട് ശതമാനം മുസ്‌ലിം സംവരണം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിക്കുന്നത്.
2019 ഒക്ടോബറിൽ ഇത്തരത്തിലുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയപ്പോൾ നിയമസഭയിൽ തന്നെ പ്രതിഷേധം ഉയർത്തി ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ഒരു മാറ്റവും വരുത്താതെ ഇപ്പോൾ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നു. ഇത് മുസ്‌ലിം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണ്.
ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട സംവരണം നൽകണം എന്ന് തന്നെയാണ് യൂത്ത് ലീഗ് നിലപാട്. അതിന് ഒരു വിഭാഗത്തിൻ്റെ സംവരണം മാത്രം വെട്ടിക്കുറക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ യൂത്ത് ലീഗ് നടത്തുന്ന സമരങ്ങളുടെ തുടർച്ചയായാണ് സംവരണ വിഷയത്തിൽ കലക്ട്രേറ്റ് മാർച്ച് പ്രഖ്യാപിച്ചത്.
ഫിബ്രുവരി 6 ന് കേരളത്തിലെ എല്ലാ കലക്ട്രേറ്റുകളിലേക്കും നടത്തുന്ന മാർച്ച് വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.