മാഫിയാ സര്‍ക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സംഘടിപ്പിക്കുന്ന മാര്‍ച്ച് സംപ്തംബര്‍ 19 ന് വ്യാഴാഴ്ച നടക്കും. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരക്കും.
ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ട പോലീസ് ക്രിമിനലുകളുടെ സങ്കേതമായി മാറിയ വാര്‍ത്തകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ക്കെതിരെയും കമ്മീഷണര്‍ക്കെതിരെയും ഗൗരവമായ ആരോപണങ്ങള്‍ ഭരണകക്ഷി എംഎല്‍എ ആയ പിവി അന്‍വര്‍ ഉന്നയിച്ച് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും എഡിജിപി ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
വയനാട്ടിലെ ദുരന്തത്തിന്റെ പേരില്‍ ചെലവുകള്‍ പെരുപ്പിച്ച് കാണിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിയെന്ന് അദ്ദേഹം തുടര്‍ന്നു. പിടിപ്പ്കേടിന്റെ പര്യായമായി മാറിയ ഇടത് ഭരണത്തിനെതിരെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ യുവജന പ്രതിഷേധമിരമ്പും.
സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, തട്ടികൊണ്ട് പോകല്‍ തുടങ്ങിയവയിലെല്ലാം ഉന്നത പോലീസുദ്യോഗസ്ഥര്‍ പ്രതികളായി മാറുന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. തനിക്കെതിരെയുള്ള ലാവ്ലിന്‍ കേസും മകള്‍ക്കെതിരെയുള്ള കേസും ഒത്ത് തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബി ജെ പി യുമായി കൂട്ട് കച്ചവടം നടത്തിയതിന്റെ ഫലമാണിത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിലെ സാമ്പത്തിക ചിലവുകള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ കണക്കുള്‍.
ഒരു മൃതദേഹത്തിന്റെ സംസ്‌കാരത്തിന് 75000 രൂപയെന്ന തോതില്‍ 2.76 കോടി രൂപയാണ് ചിലവ് കാണിച്ചത്. സൈന്യത്തിനും വളണ്ടിയര്‍മാര്‍ക്കും താമസത്തിന് മാത്രം 15 കോടിയും സൗജന്യ ഭക്ഷണ വിതരണത്തിന് 10 കോടിയും ചെലവ് കാണിച്ചു. എന്നാല്‍ 4 ദിവസം ഭക്ഷണം നല്‍കിയ നരിപ്പറ്റ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡിന് പന്ത്രണ്ടര ലക്ഷം രൂപമാത്രമാണ് ചിലവ് വന്നത്.
ക്യാമ്പുകളിലെ ജനറേറ്റര്‍ വാടകയിനത്തില്‍ 7 കോടി രൂപ ഉള്‍പ്പടെ സമര്‍പ്പിച്ച എല്ലാ ചിലവുകളും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലാത്തതുമാണ്. ഇതിലൂടെ അഴിമതിയുടെ പാതയാണ് സര്‍ക്കാര്‍ വെട്ടി തെളിയിക്കുന്നത്. നിയമപാലകരും ഭരണാധികാരികളും വേട്ടക്കാരും അഴിമതിക്കാരുമായി മാറുന്നതിനെതിരെ വലിയ ജനരോഷം ഉയര്‍ന്ന് വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.