കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് സപ്തംബർ 22 മുതൽ 28 വരെ സി.എച്ച് അനുസ്മരണ വാരമായി ആചരിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിൽ സി.എച്ച് പ്രതിഭാ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സിക്രട്ടറി പി കെ ഫിറോസും അറിയിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പ്രതിഭാ ഫെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. മലയാള പ്രസംഗം, മലയാള പ്രബന്ധം, മലയാളം കവിതാ രചന, പോസ്റ്റർ ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.
വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്താനും പ്രോൽസാഹനം നൽകാനും വേണ്ടിയാണ് ഇത്തരത്തിലുള്ള വേദി യൂത്ത് ലീഗ് ഒരുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. സമൂഹത്തിലെ കലാപരമായി കഴിവുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിന്നിരുന്ന സി.എച്ചിൻ്റെ ഓർമ്മകൾ അയവിറക്കുന്ന സമയത്താണ് പ്രതിഭാ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന കമ്മറ്റി നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് പ്രതിഭാ ഫെസ്റ്റ് നടത്തുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത്, മുൻസിപ്പൽ കമ്മറ്റികൾ മുന്നിട്ടിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ ആണ് ഫെസ്റ്റ് സംസ്ഥാന കോർഡിനേറ്റർ.
കാമ്പയിന്റെ ഭാഗമായി നവംബർ – ഡിസംബർ മാസത്തിൽ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച്‌കളും ജനുവരിയിൽ എറണാകുളത്ത് വെച്ച് സംസ്ഥാന തല യുവജന മഹാറാലിയും സംഘടിപ്പിക്കും.