X

മുസ്‌ലിം യൂത്ത് ലീഗ് രക്തദാന ക്യാമ്പയിന് തുടക്കമായി

കോഴിക്കോട് : രക്തദാനത്തിൻ്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്യുന്നതിനുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാമ്പയിന് തുടക്കമായി. ആറു മാസ ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ‘നൽകാം ജീവൻ്റെ തുള്ളികൾ ‘ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിനിൽ 50000 പ്രവർത്തകരെ പങ്കാളികളാക്കും. ക്യാമ്പയിൻ ജൂൺ മാസം സമാപിക്കും.

അനുയോജ്യമായ രക്തം കൃത്യസമയത്ത് ലഭ്യമാകാത്തതിനാൽ നിരവധി രോഗികൾക്ക് ജീവൻ വരെ നഷ്ടപ്പെടുന്ന വാർത്തകൾ നിരന്തരം പുറത്ത് വരുന്നു. സംസ്ഥാനത്തെ പല ആശുപത്രികളിലും ആവശ്യത്തിന് അനുയോജ്യമായ ബ്ലഡ് ഗ്രൂപ്പുകളുടെ ലഭ്യത കുറവുമുണ്ട്. രക്തദാനത്തെ കുറിച്ചുള്ള തെറ്റായ ധാരണ മൂലം പുതിയ തലമുറ ഇതിന് തയ്യാറാവാത്തതും ഈ മേഖലയിൽ വലിയ വെല്ലുവിളിക്ക് കാരണമാകുന്നു. രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കൃത്യമായ ബോധവൽക്കരണത്തിലൂടെ പരമാവധി യുവാക്കളെ ഇതിനായി സജ്ജമാക്കാനാണ് മുസ്‌ലിം യൂത്ത് പദ്ധതിയൊരുക്കുന്നത്. ഓരോ ജില്ലാ കമ്മറ്റികൾക്കും ക്വാട്ട നിശ്ചയിച്ച് സമയബന്ധിതമായി പൂർത്തിയാക്കി ജൂൺ അവസാനം പദ്ധതി സമർപ്പണം നടത്തും.

ലോഗോ പ്രകാശന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌ ഫൈസൽ ബാഫഖി തങ്ങൾ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ടിപിഎം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ്
നൽകാം ജീവൻ്റെ തുള്ളികൾ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന രക്തദാന ക്യാമ്പയിന്റെ ലോഗോ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു. ഫാത്തിമ തെഹ്‌ലിയ, സി.കെ മുഹമ്മദലി, പി. ഇസ്മായിൽ, പി.കെ ഫിറോസ്, ഫൈസൽ ബാഫഖി തങ്ങൾ, ടി.പി.എം ജിഷാൻ സമീപം.

webdesk17: