കോഴിക്കോട്: അനേകവര്‍ഷങ്ങളുടെ പോരാട്ടത്തിന്റെ ഫലമായി പിന്നോക്ക വിഭാഗക്കാര്‍ നേടിയെടുത്ത സംവരണം എന്ന അവകാശത്തെ ഇല്ലാതാക്കുന്ന ഇടത് സര്‍ക്കാറിനെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നുവരണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ദളിത് പിന്നോക്ക ന്യൂനപക്ഷ കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ യൂത്ത്‌ലീഗ് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവനയുടെ പൂര്‍ണരൂപം:
പതിറ്റാണ്ടുകൾ നീണ്ടുനിന്ന പേരാട്ടങ്ങളുടെ ഫലമായാണ് ഭരണഘടനാ ശിൽപികൾ രാജ്യത്തെ പിന്നാക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസ/തൊഴിൽ മേഖലകളിൽ സംവരണം ഏർപ്പെടുത്തിയത്. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ജാതീയമായ അടിച്ചമർത്തലുകളുടെയും വിവേചനങ്ങുടെയും ഫലമായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ട ബഹുജന സമൂഹങ്ങളെ സാമൂഹിക മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള പരിഹാരക്രിയ എന്ന നിലയിലാണ് സംവരണം എന്ന ആശയം ആവിഷ്കരിക്കപ്പെട്ടത്. ചില സമുദായങ്ങളിൽ ജനിച്ചു എന്നത് കൊണ്ടു മാത്രം അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നത് ഒഴിവാക്കാനും അധികാരം ചില സമുദായങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നത് തടയാനുമാണ് സംവരണം കൊണ്ട് ലക്ഷ്യം വെക്കുന്നത്. സംവരണം അധികാരത്തിലുള്ള പങ്കാളിത്തവും അവസരസമത്വവും ഉറപ്പുവരുത്താനുള്ളതാണ്. അത് തൊഴിൽദാന സംരംഭമോ/ദാരിദ്യനിർമാർജന പദ്ധതിയോ അല്ല.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുവേണ്ടി സാമ്പത്തികനിലയെ ആധാരമാക്കി നിരവധി പദ്ധതികൾ സർക്കാറുകൾ ആവിഷ്കരിച്ചു നടപ്പാക്കാറുണ്ട്. നിലവിലുള്ള വിവിധതരം പെൻഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും സാമ്പത്തിക മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാണ്. എപിഎൽ/ബിപിൽ തരംതിരിവുകളിലടക്കം സാമ്പത്തികമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ഒരു സർക്കാർ പദ്ധതികളിലും മുന്നോക്കർ വിവേചനമോ അനീതിയോ നേരിടുന്നതായി ചൂണ്ടിക്കാണിക്കാനാവില്ല. മാത്രമല്ല, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികപിന്നാക്കാവസ്ഥ നേരിടുന്നവർക്ക് അതിനുള്ള കൂടുതൽ പരിഹാര പദ്ധതികൾ ആവശ്യമുണ്ടെങ്കിൽ അത് നൽകുന്നതിന് സംവരണീയ സമുദായങ്ങളോ സംഘടനകളോ ഇന്നേവരെ എതിരുനിന്നിട്ടുമില്ല. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവരണപദ്ധതിയെ സാമ്പത്തിക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി അട്ടിമറിക്കരുത് എന്നുമാത്രമാണ് ആവശ്യം.
കേരളത്തിൽ സി.പി.എം സാമ്പത്തിക സംവരണം കൊണ്ടുവരിക മാത്രമല്ല, രാജ്യവ്യാപകമായി അത് നടപ്പിലാക്കാൻ കൊടിയേരി ബാലകൃഷ്ണൻ ആർ എസ് എസിനെയും ബിജെപി സർക്കാരിനെയും വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ആവശ്യം മോദി അംഗീകരിക്കുന്നതാണ് പിന്നീട് നാം കാണുന്നത്.
സംവരണത്തിനായുള്ള ബിൽ പാർലമെന്റിൽ കൊണ്ടു വന്നപ്പോൾ എതിർത്ത് വോട്ടുചെയ്യാൻ മുസ്‌ലിം ലീഗിന്റെ എം.പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് പിന്നാക്ക സമുദായത്തിനാണ് ഭൂരിപക്ഷമെങ്കിലും രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്നത് മുന്നോക്ക സമുദായം തന്നെയാണെന്നാണ് ഇത് തെളിയിക്കുന്നത്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് പത്ത് ശതമാനം മുന്നോക്ക സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ കേരളത്തിൽ പന്ത്രണ്ട് ശതമാനമാണ് സി.പി.എം നടപ്പിലാക്കുന്നത്. അത് ഫലത്തിൽ മെറിറ്റ് ക്വാട്ടയുടെ ഇരുപത് ശതമാനവും അതിൽ കൂടുതലുമാണ്. എംബിബിഎസ് പ്രവേശനത്തിൽ ഇതിനകം അത് നടപ്പിലാക്കിക്കഴിഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിലേക്ക് 116 അധ്യാപക തസ്തികളിലേക്ക് നിയമനം നടക്കാനിരിക്കുകയാണ്. ബാക്ക്ലോഗ് നികത്തേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വലിയ നഷ്ടം സംഭവിക്കാൻ പോകുന്നത് വിശ്വകർമ്മ സമുദായത്തിനാണ്. പിന്നെ ഈഴവർക്കും മുസ്‌ലിംകൾക്കും.
കേരളത്തിൽ 15 സർവകലാശാലയിൽ ഒന്നിൽ പോലും ഒരു മുസ്‌ലിം വി.സി ഇല്ല. ഒടുവിൽ പെട്ടിക്കടയിലോ മറ്റോ തുടങ്ങിയ ഒരു ഓപ്പൺ സർവകലാശാലയിലാണ് ആകെ ഒരു മുസ്‌ലിം വിസിയെ നിയമിച്ചിരിക്കുന്നത്. അതിലാകട്ടെ പിന്നാക്ക വിഭാഗങ്ങളെ തന്നെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ കൗശലമാണ് സി.പി.എം പ്രയോഗിച്ചത്.
പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള സി.പി.എമ്മിന്റെയും ഇടതു സർക്കാറിന്റെയും നയങ്ങൾക്കെതിരെ പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമായ സമയമാണിത്. ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ കിട്ടാത്തത് പോലും ഇന്ത്യയിൽ സംവരണമുള്ളത് കൊണ്ടാണെന്ന് കളിയാക്കിയവരൊന്നും മുന്നോക്ക സംവരണം വന്നപ്പോൾ മിണ്ടുന്നില്ല. സംവരണം വന്നാൽ മെറിറ്റിനെ ബാധിക്കുമെന്ന് ന്യായം പറഞ്ഞവരും ഇപ്പോൾ മിണ്ടുന്നില്ല. മിണ്ടില്ല. കാരണം പ്രശ്നം സംവരണമല്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള സമീപനമാണ്.
1957 ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ കാലം മുതൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായ ഒന്നാം ഭരണപരിഷ്കാര കമ്മീഷനാണ് ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. കെഎം സീതിസാഹിബും കെ സുകുമാരനും കെ ആർ നാരായണനുമടക്കമുള്ള പിന്നാക്ക സമുദായ നേതാക്കളുടെ ധീരമായ ചെറുത്തുനിൽപ്പിനുമുന്നിൽ ഒടുവിൽ ഇഎംഎസിന് മുട്ടുമടക്കേണ്ടിവന്ന ചരിത്രം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മറന്നുപോകരുത്. പിന്നാക്ക വിരുദ്ധ ഇടതുമുന്നണിക്കെതിരെ ശക്തമായ സമരം ഉയർന്നു വരട്ടെ. ദളിത് പിന്നാക്ക ന്യൂനപക്ഷ സമുദായ കൂട്ടായ്മ അതിനു നേതൃത്വം നൽകട്ടെ. ആ സമരങ്ങളുടെ മുന്നണിപ്പടയായി അണിനിരക്കാൻ മുസ്‌ലിം യൂത്ത് ലീഗ് പ്രതിജ്ഞാബദ്ധമാണ്.