X
    Categories: MoreViews

അലയടിച്ച് യുവസാഗരം; മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢസമാപനം

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനം മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: യുവജന സാഗരം… അറബിക്കടലോരത്ത് ഇരമ്പിയാര്‍ത്ത ഹരിതയൗവ്വന സംഗമത്തെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കും മതിയാവില്ല. അഷ്ടദിക്കുകളില്‍നിന്നും ഒഴുകിയെത്തിയ യുവത്വം അറബിക്കടലോരത്ത് സമ്മേളിച്ചപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. ആതിഥേയത്വത്തിന് കീര്‍ത്തികേട്ട നഗരത്തില്‍ നന്മയുടെ രാഷ്ട്രീയം കൊണ്ട് പുതു ചരിത്രം കുറിച്ചാണ് മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് സമാപനമായത്.

പടയോട്ടങ്ങളും പോരാട്ടങ്ങളും കണ്ട നഗരം, മധുരത്തിന്റെയും പട്ടിന്റെയും പ്രൗഢിയുള്ള ദേശം, സാമൂതിരിയുടെയും കുഞ്ഞാലിമരക്കാരുടെയും സഹവര്‍ത്തിത്വത്തിന്റെ പോരിശയുള്ള മണ്ണ്, ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും കര്‍മ്മഭൂമി…, അവിടെ യുവസംഗമത്തിന്റെ മറ്റൊരു വിസ്മയം തീര്‍ത്താണ് മൂന്നു ദിവസം നീണ്ട സമ്മേളനത്തിന് കൊടിയിറങ്ങിയത്. സമ്മേളനങ്ങള്‍ ഒട്ടേറെ കണ്ട കോഴിക്കോട് കടലോരത്ത് ഫാസിസത്തിന്റെ ഇരുചേരികളും മലീമസമാക്കിയതെല്ലാം സ്ഫുടം ചെയ്താണ് ‘രാജ്യാഭിമാനം കാക്കാന്‍ ആത്മാഭിമാനം ഉണര്‍ത്തി’ ജനലക്ഷങ്ങള്‍ സംഗമിച്ചത്. നോട്ടുപീഡനത്തിന്റെ കെടുതിയെ വകവെക്കാതെ ഒഴുകിയെത്തിയ യുവലക്ഷങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയെയും പൈതൃകത്തെയും ഉന്മൂലനം ചെയ്യാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് താക്കീത് ചെയ്തു.

ഏക സിവില്‍കോഡും ഭീകരവാദവും പ്രതിഭീകരവാദവും ഉയര്‍ത്തുന്ന വെല്ലുവിളികളെ ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും ആയുധങ്ങള്‍ കൊണ്ട് അതിജയിക്കാന്‍ കഴിയുമെന്ന് മഹാസമ്മേളനത്തില്‍ പ്രതിധ്വനിച്ചു. അസഹിഷ്ണുത കൊടികുത്തിവഴുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ചെറുത്തുനില്‍പ്പിന്റെ ശബ്ദവും ദളിത്-മുസ്‌ലിം കൂട്ടായ്മയുടെ ഊര്‍ജ്ജവുമായി ആവേശത്തിന്റെ അലമാല തീര്‍ത്താണ് സമ്മേളനം സമാപിച്ചത്. സമാപന മഹാസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു.

chandrika: