പശുവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായ മുസ്‌ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ അജ്ഞാതരായ അക്രമികള്‍ക്കെതിരെ കേസെടുത്തു. ഷാഹിദ് ദീന്‍ എന്ന യുവാവാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്.
ഷാഹിദ് ദീനിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മജോല പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സെക്ഷന്‍ 302 പ്രകാരം കൊലപാതകകുറ്റമാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്‍ ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്.
മാണ്ഡി സമിതി ചൗക്കിക്ക് സമീപത്ത് വെച്ചായിരുന്നു അക്രമമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മീററ്റിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡിസംബര്‍ 31ന് ഷാഹിദ് ദിന്‍ മരണപ്പെടുകയായിരുന്നു.
ഷാഹിദ് ദീനിന്റെ കൂടെയുണ്ടായിരുന്നവര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയും പിന്നാലെ പ്രകോപിതരായ അക്രമികള്‍ ഷാഹിദിനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാഹിദ് രക്തത്തില്‍ കുളിച്ച് അനങ്ങാനാവാതെ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങൡ പ്രചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ആക്രമണത്തിനിരയായി മരിച്ച ഷാഹിദിനും സുഹൃത്തുക്കള്‍ക്കെതിരെയും ഗോവധത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.