ന്യൂഡല്‍ഹി: മഥുരയിലെ ക്ഷേത്രത്തില്‍ നമസ്‌കരിച്ച മുസ്‌ലിം യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹി പൊലീസും മഥുര പൊലീസും സംയുക്തമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഫൈസല്‍ ഖാന്‍ എന്നയാളാണ് പിടിയിലായത് എന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അവ്‌നിഷ് അവസ്ഥി പറഞ്ഞു.
മഥുര നന്ദ്ഗാവിലെ നന്ദ്ബാബ നന്ദ് മഹല്‍ ക്ഷേത്രത്തിലാണ് ഇവര്‍ നമസ്‌കരിച്ചിരുന്നത്. ഇവര്‍ നമസ്‌കരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ക്ഷേത്ര ഭരണസമതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡല്‍ഹിയിലെ ഖിദ്മത്ത് നഗര്‍ സ്വദേശിയാണ് ഫൈസല്‍ ഖാന്‍. മുഹമ്മദ് ചന്ദ് എന്നയാളാണ് മറ്റൊരാള്‍.
ഗാന്ധിയന്‍ നിലേഷ് ഗുപ്ത, അലോക് രത്‌ന എന്നിവര്‍ക്കൊപ്പമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ളുഹര്‍ നമസ്‌കാരത്തിന്റെ സമയമായ വേളയില്‍ ഇവര്‍ നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു.
നമസ്‌കരിക്കാന്‍ സമ്മതം നല്‍കിയിരുന്നില്ല എന്ന് ക്ഷേത്രത്തിന്റെ ഭരണചുമതലയുള്ള കന്‍ഹ ഗോസ്വാമി പറയുന്നു. ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു സംഘടനകള്‍ തീവ്ര നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു. ശിക്ഷാ നിയമത്തിലെ വകുപ്പ് 153എ, 295, 505 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.