X

ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു; വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു

മധ്യപ്രദേശില്‍ ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്നാരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം. സല്‍മാന്‍ മേവതി, ഷാക്കിര്‍ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്.

ബൈക്കിലെത്തിയ 2 പേര്‍ പശുവിന്റെ ശരീരഭാഗങ്ങള്‍ ക്ഷേത്രപരിസരത്ത് എറിഞ്ഞുവെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിങ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെങ്കില്‍ അവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ പ്രാദേശിക പുരോഹിതനായ ഗൗരവ് പുരി ഗോസ്വാമിയാണ് മൃഗത്തിന്റെ ശരീര ഭാഗങ്ങള്‍ ആദ്യം ശ്രദ്ധിച്ചത്. ഇയാള്‍ പെട്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നുവെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി ഇറങ്ങി. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്‍ തകര്‍ത്തതെന്നും അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പൊളിച്ച് മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിര്‍ദേശം നല്‍കി. സമാധാനം പാലിക്കണമെന്നും സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തരുതെന്നും പ്രാദേശിക ഖാദി ഹഫീസ് ഭുരു പ്രദേശവാസികളോട് അഭ്യര്‍ഥിച്ചു.

 

webdesk13: