ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി ഒപ്പമുണ്ടായിരുന്ന ഹിന്ദു യുവാവിനെ മര്‍ദിച്ചു. അതിക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍വ്യാപകമായി പ്രചരിച്ചിരുന്നു. മുസഫര്‍നഗറിലെ ഖലാപറില്‍ വെച്ചാണ് ഫര്‍ഹീന്‍ എന്ന 20കാരിയും സചിന്‍ എന്ന യുവാവും അതിക്രമത്തിന് ഇരയായത്. ജോലിയുടെ ഭാഗമായി ഒരു ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഇരുവര്‍ക്കും മര്‍ദനമേറ്റത്.
ഏപ്രില്‍ 12ന് വൈകീട്ടാണ് സംഭവം. ബൈക്കില്‍ സുഹൃത്തിനൊപ്പം പോകുന്നതിനിടെ എട്ട് പേരടങ്ങിയ ഒരു സംഘം അവരെ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ ബലമായി യുവതിയുടെ ഹിജാബ് വലിച്ചൂരി. പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ സുഹൃത്തായ യുവാവിനെ മര്‍ദിക്കുകയായിരുന്നു. വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു.
ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഖാലാപര്‍ നിവാസിയായ ഫര്‍ഹീന്‍. മാതാവിന്റെ അറിവോടെയാണ് ഫര്‍ഹീന്‍ സുഹൃത്തിനൊപ്പം വായ്പ ഗഡു പിരിക്കാന്‍ പോയത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഫര്‍ഹീനെയും സച്ചിനെയും മോചിപ്പിച്ചത്. ഫര്‍ഹീന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിഡിയോയില്‍നിന്ന് കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും മുസഫര്‍നഗര്‍ സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ രാജു കുമാര്‍ പറഞ്ഞു.
‘ഒരു കാരണവും ഇല്ലാതെ ഒരു സംഘം എന്നെയും സുഹൃത്തിനെയും ശാരീരികമായി ആക്രമിച്ചു. പ്രതികളിലൊരാള്‍ എന്റെ ബുര്‍ഖയും വസ്ത്രങ്ങളും വലിച്ചുകീറി. ആക്രമണത്തിന്റെ വിഡിയോ പകര്‍ത്തുകയും സംഭവം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’ -ഫര്‍ഹീന്‍ പറഞ്ഞു. ഈസമയം ഇതുവഴി കടന്നുപോയ ഒരാള്‍ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.