X

മുസ്്ലിം വോട്ടുകള്‍ എവിടെ?

 

ലഖ്‌നോ: 2011ലെ സെന്‍സസ് പ്രകാരം 71 ശതമാനം മുസ്്‌ലിം ജനസംഖ്യയുള്ള മണ്ഡലമാണ് യു.പിയിലെ ദുയൂബന്ദ്.
ഏകദേശം നാലില്‍ മൂന്ന് മുസ്്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായിട്ടു പോലും ഇവിടെ വിജയിച്ചത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ബ്രിജേഷ്. 29400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ജയം. പോള്‍ ചെയ്ത വോട്ടുകളില്‍ 44 ശതമാനവും ഇദ്ദേഹത്തിന്റെ പെട്ടിയിലാണ് എത്തിയത്.
ദുയൂബന്ദില്‍ മാത്രമല്ല, സംസ്ഥാനത്ത് മുസ്്‌ലിംകള്‍ക്ക്് ഭൂരിപക്ഷമുള്ള 42 മണ്ഡലങ്ങളില്‍ 31 ഇടത്തും ജയിച്ചു കയറിയത് ബി.ജെപിയാണ്; 74 ശതമാനം വിജയം. 2012ല്‍ ഇത് എട്ടും 2007ല്‍ ഇത് അഞ്ചുമാണെന്നു കൂടി ഓര്‍ക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുസ്്‌ലിം വോട്ടു ബാങ്കിന് എന്തു സംഭവിച്ചു എന്നതില്‍ തല പുകയ്ക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
മുസ്്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ 10 ഇടത്ത് ജയിച്ചത് കോണ്‍ഗ്രസ് എസ്.പി സഖ്യമാണ്. ദളിത്-മുസ്്‌ലിം ഐക്യം പ്രചാരണായുധമായിട്ടു പോലും ഒരിടത്ത് മാത്രം മായാവതിയുടെ ബി.എസ്.പി ജയിച്ചു.
ഏറ്റവും പുതിയ സെന്‍സസ് വിവര പ്രകാരം സംസ്ഥാന ജനസംഖ്യയിലെ 19.3 ശതമാനവും മുസ്്‌ലിംകളാണ്. സംസ്ഥാനത്തെ 38 ജില്ലകളില്‍ മുസ്്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. എന്നാല്‍ 403 അംഗ നിയമസഭയില്‍ 24 പേര്‍ മാത്രമാണ് മുസ്്‌ലിം ജനപ്രതിനിധികള്‍. 2012ലെ 69ല്‍ നിന്നാണ് അംഗസംഖ്യ 24ലേക്ക് ചുരുങ്ങിയത്.
മുസ്്‌ലിം വോട്ടുകള്‍ എസ്.പി, ബി.എസ്.പി എന്നിങ്ങനെ വിവിധ പാര്‍ട്ടികളുടെ പെട്ടിയിലേക്ക് പോയി എന്നത് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. പ്രാദേശിക പരിഗണനകള്‍ മാത്രമാണ് ജനവിധിയില്‍ ഇവരുടെ പരിണനയില്‍ വന്നതെന്ന് അഖിലേന്ത്യാ വ്യക്തി നിയമ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി ചൂണ്ടിക്കാട്ടുന്നു. മുസ്്‌ലിം വോട്ടുകള്‍ ചിതറിക്കാനും അതിനെതിരെ ഹിന്ദുവോട്ടുകള്‍ ഏകീകരിപ്പിക്കാനും ബി.ജെ.പി കൊണ്ടു പിടിച്ച ശ്രമം തന്നെ നടത്തി.
ഒരു മുസ്്‌ലിം സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താതെ ഹിന്ദു അനുകൂല വികാരം കാത്തുസൂക്ഷിക്കാനും പാര്‍ട്ടി ശ്രദ്ധിച്ചു. മുസ്്‌ലിം മണ്ഡലങ്ങളിലെ എല്ലാ ഹിന്ദു ജാതികളെയും പിണക്കാതിരിക്കാന്‍ ബി.ജെ.പി അതീവ ശ്രദ്ധ കാണിച്ചു. അതിന് ഉദാഹരണവും ദുയൂബന്ദ് തന്നെയാണ്. ഗുജ്ജര്‍, രജ്പുത്, ജാട്ട് വോട്ടുകള്‍ ഏകീകരിപ്പിച്ചാണ് ബി.ജെ.പി ഇതു പ്രാവര്‍ത്തികമാക്കിയത്.

chandrika: