വാഷിങ്ടണ്‍: മുസ്്‌ലിമായതിന്റെ പേരില്‍ മുന്‍ പൊലീസ് മേധാവിയെയും അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഹസന്‍ അദന്‍ എന്ന മുന്‍ പൊലീസ് മേധാവിക്കാണ് ദുരനുഭവമുണ്ടായത്. പാരിസില്‍ മാതാവിന്റെ 80-ാം പിറന്നാള്‍ ആഘോഷിച്ച് തിരിച്ചെത്തിയ അദ്ദേഹത്തെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ 90 മിനുട്ടോളം തടഞ്ഞുവെക്കുകയായിരുന്നു. പേര് ഹസന്‍ എന്നായതു കൊണ്ട് അദ്ദേഹത്തിന്റെ പൂര്‍ണവിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പോകാന്‍ അനുവദിച്ചത്. അലക്‌സാന്‍ഡ്രിയ പൊലീസ് ഡിപ്പാര്‍ട്‌മെന്റില്‍ 26 വര്‍ഷം സേവനമനുഷ്ഠിക്കുകയും ഗ്രീന്‍വില്ലെയില്‍ പൊലീസ് മേധാവിയാവുകയും ചെയ്ത ശേഷം വിരമിച്ച ഹസന് യു.എസ് പൗരത്വവും പാസ്‌പോര്‍ട്ടുമുണ്ട്. 42 വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ എത്തിയപ്പോള്‍ എല്ലാവരെയും പോലെ തന്നെയും പാസ്‌പോര്‍ട്ട് തിരികെ തന്ന് പറഞ്ഞു വിടുമെന്നാണ് ഹസന്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. താങ്കള്‍ തനിച്ചാണോ യാത്ര ചെയ്യുന്നതെന്ന് ചോദിച്ച ശേഷം വിമാനത്താവളത്തിലെ ഒരു താല്‍ക്കാലിക ഓഫീസിലേക്ക് കൊണ്ടുപോയി. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും അനുവദിച്ചില്ല. മുന്‍ പൊലീസ് മേധാവിയാണ് താനെന്ന് പറഞ്ഞപ്പോള്‍ താങ്കളുടെ ജോലി എന്തായിരുന്നുവെന്നത് പ്രശ്‌നമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അദന്‍ എന്ന് പേരുള്ള ഒരാള്‍ തങ്ങളുടെ നിരീക്ഷണ പട്ടികയിലുണ്ടെന്നും അവര്‍ അറിയിച്ചു. ഒന്നര മണിക്കൂറിനു ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥ ഇടപെട്ടാണ് ഹസനെ വിട്ടയച്ചത്. ഇദ്ദേഹത്തിന്റെ മാതാവ് ഇറ്റലിക്കാരിയും പിതാവ് സോമാലിയന്‍ വംശജനുമാണ്. മുമ്പു പലതവണ രാജ്യത്തുനിന്ന് പുറത്തുപോയ തനിക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്ന് ഹസന്‍ പറഞ്ഞു. സംഭവം എന്നെ ദു:ഖിതനാക്കുന്നു. അമേരിക്കയെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചിരുന്ന തനിക്കിപ്പോള്‍ രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷിതബോധം നല്‍കുന്നതിനു പകരം ഭയപ്പെടുത്തകയാണ് ചെയ്യുകയെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു. ആറ് മുസ്്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയ ശേഷം പ്രമുഖരടക്കം നിരവധി മുസ്്‌ലിം യാത്രക്കാര്‍ക്ക് യു.എസ് വിമാനത്താവളങ്ങളില്‍ ഇത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്.
- 8 years ago
chandrika
Categories:
Culture
മുസ്‌ലിമാണെങ്കില്‍ പൊലീസ് മേധാവിക്കും അമേരിക്കയില്‍ രക്ഷയില്ല
Tags: AMERICABan travel