X
    Categories: indiaNews

കര്‍ണാടകയില്‍ ഉത്സവങ്ങളില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്‌

ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ തീവ്രഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്സവങ്ങളില്‍ കടകള്‍ നടത്താന്‍ മുസ്‌ലിംകളെ അനുവദിക്കാത്തത്.

കഴിഞ്ഞ ദിവസം ശിവമോഗയിലെ കോട്ടെ മാരികംബ ഉത്സവത്തില്‍ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയത് വിവാദമായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 ന് നിരവധി മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ചിട്ടിരുന്നു.

ഇത്തരത്തില്‍ ഹിജാബ് നിരോധനത്തിനെതിരെ മുസ്‌ലിംകള്‍ പ്രതിഷേധം നടത്തിയതാണ് തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രകോപിതരാക്കിയത്. ഹിജാബ് കേസിലെ ഹൈക്കോടതി വിധി മാനിക്കാത്ത മുസ്‌ലിംകളെ ഉത്സവത്തില്‍ വ്യാപാരം നടത്താന്‍ അനുവദിക്കരുതെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടതായി മംഗളൂരുവിലെ ഹോസ മാരിഗുഡി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രമേഷ് ഹെഗ്‌ഡെ പറഞ്ഞു. ലക്ഷത്തിലധികം പേര്‍ ഉത്സവം കാണാനെത്തുമെന്നതിനാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരികാനാണ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കര്‍ണാടകയിലെ ബപ്പണ്ടു ദുര്‍ഗാപരമേശ്വരി ക്ഷേത്രം, മംഗളാദേവി ക്ഷേത്രം, പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങളില്‍ അഹിന്ദുക്കള്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നത് വിലക്കികൊണ്ട് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധര്‍ക്കും കന്നുകാലികളെ കൊല്ലുന്നവര്‍ക്കും ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്ന്് ബാനറുകളില്‍ പറയുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി വ്യാപാരമേഖലയില്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടതെന്നും എല്ലാമൊന്ന് ശരിയായി വരുന്ന സമയത്ത് ഈ നടപടി ശരിയല്ലെന്നും വ്യാപാര അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പറഞ്ഞു.

വര്‍ഷങ്ങളായി മുസ്‌ലിംവ്യാപാരികള്‍ ഉത്സവങ്ങളില്‍ കടകള്‍ നടത്താറുണ്ടെന്നും ഇതാദ്യമായാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: