ന്യൂദല്‍ഹി: വംശീയ വിഷവുമായി ഗുജറാത്ത് സര്‍ക്കാര്‍. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്‌സാമിനേഷന്‍ എഴുതുന്ന മുസ്‌ലിം വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ നിര്‍ബന്ധിത ഓണ്‍ലൈന്‍ ഫോമുമായി ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദ് മിററാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.മുസ്‌ലിം വിദ്യാര്‍ഥികലുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ബോധപൂര്‍വ്വം നടത്തിയ നീക്കമാണിതെന്നാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഭയക്കുന്നത്.
ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്നവരാണോയെന്ന് കുട്ടികളോട് ചോദിക്കുന്നതാണ് ഓണ്‍ലൈന്‍ അപേക്ഷ ഫോം. അതെയെന്ന് തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട് രണ്ട് ചോയ്‌സുകളാണ് കുട്ടികള്‍ക്കു മുമ്പില്‍ വരുന്നത്. അത് ‘മുസ്‌ലീമാണോ’ അല്ലെങ്കില്‍ ‘മറ്റുവിഭാഗത്തില്‍’ ഉള്ളവരാണോയെന്നതാണ്.
ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളായി ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, ജൈന വിഭാഗങ്ങള്‍കൂടിയുണ്ടെന്നിരിക്കെ മുസ്‌ലിം വിദ്യാര്‍ഥികളോട് മാത്രമാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വയം അടയാളപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്.
സാധാരണ ഫോമുകള്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ തന്നെയാണ് പൂരിപ്പിച്ചു നല്‍കാറുള്ളത്. ഫോം പൂരിപ്പിക്കാനായി എന്റെ കുട്ടി പഠിക്കുന്ന സ്‌കൂളിലേക്ക് പോയപ്പോഴാണ് ഞങ്ങള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണോയെന്ന ചോദ്യം അതില്‍ ശ്രദ്ധയില്‍പ്പെട്ടത്. അതെയെന്ന് ക്ലിക്ക് ചെയ്തപ്പോള്‍ രണ്ട് ഓപ്ഷനുകളാണ് മുന്നില്‍ വന്നത്.: മുസ്‌ലിംസ് അല്ലെങ്കില്‍ അതേഴ്‌സ്’. അതോടെ ഈ വിവരങ്ങള്‍ മറ്റെന്തെങ്കിലും കാര്യത്തിനുവേണ്ടി ദുരുപയോഗം ചെയ്‌തേക്കുമോയെന്ന ഭീതിയാണ് എന്റെയുള്ളില്‍. അത് എന്നില്‍ ഭീതിയുണ്ടാക്കിയിരിക്കുന്നു.’ എന്നാണ് കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ പറഞ്ഞതെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2002ലെ ഗുജറാത്ത് കലാപത്തിന് തൊട്ടുമുമ്പായും ഗുജറാത്ത് സര്‍ക്കാര്‍ സമാനമായ ഒരു കണക്കെടുപ്പ് നടത്തിയിരുന്നെന്നും അതിനാല്‍ തനിക്ക് നല്ല ഭയമുണ്ടെന്നുമാണ് 12ക്ലാസ് സയന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു കുട്ടിയുടെ പിതാവായ റസ്‌റ്റോറന്റ് ഉടമ പറയുന്നത്.
‘ എനിക്കു പേടിതോന്നുന്നു. 2002നു മുമ്പ് ഗുജറാത്ത് സര്‍ക്കാര്‍ സമാനമായ ഒരു പരിപാടി നടത്തിയിരുന്നു. എല്ലാ പൊലീസ് സ്‌റ്റേഷനുകളോടും അതത് പ്രദേശത്തെ മുസ്‌ലിം ബിസിനസുകാരുടെ കണക്കെടുക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. എന്റെ റസ്‌റ്റോറന്റ് കണ്ടെത്തുകയും കത്തിച്ചുകളയുകയും ചെയ്തിരുന്നു. സര്‍ക്കാറും പൊലീസും ശേഖരിച്ച സെന്‍സസ് വിവരങ്ങള്‍ കലാപകാരികള്‍ ഉപയോഗിച്ചുവെന്ന് പിന്നീട് വെളിവായിരുന്നു. ഇപ്പോള്‍ മകന്റെ കാര്യത്തില്‍ എനിക്കു പേടിയാണ്. എന്തിനാണ് ഗുജറാത്ത് സര്‍ക്കാര്‍ വിദ്യാര്‍ഥി മുസ്‌ലീമാണോ അല്ലയോ എന്ന് അറിയുന്നത്. എന്താണ് അതിന്റെ പിന്നിലെ ലക്ഷ്യം?’ അദ്ദേഹം ചോദിക്കുന്നു.