X

മുസ്‌ലിം സംവരണവും കര്‍ണാടക രാഷ്ട്രീയവും

സുഫ്‌യാന്‍ അബ്ദുസ്സലാം

ഹിജാബ് നിരോധനത്തിന്‌ശേഷം കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ മുസ്‌ലിം സംവരണം പൂര്‍ണമായും എടുത്തുകളയാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തിയ പ്രഖ്യാപനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ധ്രുവീകരണ രാഷ്ട്രീയം മാത്രമാണ്. ഹിജാബ് നിരോധനം, കന്നുകാലി കശാപ്പ് നിയമം നടപ്പാക്കല്‍, പള്ളികളിലെ ബാങ്ക് വിളി നിയന്ത്രണം, ടിപ്പുസുല്‍ത്താന്‍ വിവാദം തുടങ്ങി ഒട്ടേറെ മുസ്‌ലിം വിരുദ്ധ നടപടികളിലൂടെ മുസ്‌ലിം സമുദായത്തെ അന്യവത്കരിച്ചും പ്രകോപിപ്പിച്ചും അകറ്റിനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഭൂരിപക്ഷ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് കേന്ദ്രീകരിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ മുസ്‌ലിം സമുദായം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന നാല് ശതമാനം സംവരണം എടുത്തുകളയുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. മുസ്‌ലിം വിദ്വേഷ രാഷ്ട്രീയത്തെ പൊലിപ്പിക്കുക എന്നതോടൊപ്പം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്. മുസ്‌ലിംകളില്‍നിന്ന് എടുത്തുമാറ്റിയ നാല് ശതമാനം ഈ രണ്ട് സമുദായങ്ങള്‍ക്ക് തുല്യമായി വീതംവെച്ച് നല്‍കിയതില്‍നിന്നും ഇക്കാര്യം വ്യക്തമാണ്.

സംസ്ഥാന ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന പ്രബല വിഭാഗങ്ങളാണ് ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍. ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ലിംഗായത്ത് സമുദായത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ്. 2021 ല്‍ അദ്ദേഹം മുഖ്യമന്ത്രി പദം രാജിവെച്ചതോടെ ലിംഗായത്ത് സമുദായം ബി.ജെ.പിയില്‍നിന്ന് അകന്നിട്ടുണ്ട്. ഈ അകല്‍ച്ച പരിഹരിക്കാന്‍ ബി.ജെ.പി കണ്ടെത്തിയ മാര്‍ഗമാണ് അവര്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അഞ്ച് ശതമാനം സംവരണം വര്‍ധിപ്പിച്ച് ഏഴ് ശതമാനമാക്കുക എന്നത്. തെക്കന്‍ കര്‍ണാടകയില്‍ നിര്‍ണായക സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിന് കോണ്‍ഗ്രസുമായും ജെ.ഡി.എസുമായുമാണ് ആഭിമുഖ്യമുള്ളത്. അതുകൊണ്ട് അവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നതിന്‌വേണ്ടി ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന നാല് ശതമാനം സംവരണം വര്‍ധിപ്പിച്ച് ആറ് ശതമാനമാക്കുകയും ചെയ്തു. മുസ്‌ലിം സംവരണം എടുത്തുകളഞ്ഞതിന് ബി.ജെ.പി നല്‍കുന്ന ന്യായീകരണം ഒരു മതത്തിലുള്ള ആളുകള്‍ക്ക് മൊത്തമായി സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നാണ്. മുസ്‌ലിംകളില്‍നിന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷനില്‍ ഉള്‍പ്പെടുത്തി അവരുടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി ബൊമ്മെ പറയുന്നത്. മതത്തിന്റെ പേരില്‍ സംവരണം അനുവദിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ ക്രിസ്ത്യന്‍, ജൈന സംവരണം എടുത്തുകളഞ്ഞിട്ടില്ല എന്നത് ഇക്കാര്യത്തിലുള്ള അവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. മുസ്‌ലിം വിരുദ്ധതയെ പ്രത്യക്ഷ രാഷ്ട്രീയമായി ഉയര്‍ത്തിക്കാണിക്കുന്ന ഏറെ ജുഗുപ്‌സാവഹമായ സമീപനമാണ് ബി. ജെ.പി സ്വീകരിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ സംവരണത്തിന്റെ ചരിത്രം അറിയേണ്ടതുണ്ട്. ബ്രാഹ്മണരല്ലാത്തവര്‍ മൈസൂര്‍ നാട്ടുരാജ്യത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ല. 1916ല്‍ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ അന്നത്തെ മൈസൂര്‍ മഹാരാജാവ് കൃഷ്ണരാജ വാഡിയാര്‍ നാലാമന് നിവേദനം നല്‍കിയതിനെതുടര്‍ന്ന് ബ്രാഹ്മണേതര പ്രാതിനിധ്യം വര്‍ധിപ്പിക്കാനായി അദ്ദേഹം മൈസൂര്‍ ചീഫ് ജഡ്ജ് ജസ്റ്റിസ് മില്ലറുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മഹാരാജാവ് 1921ല്‍ വൊക്കലിഗ, ലിംഗായത്ത് എന്നിവര്‍ക്ക്പുറമെ മുസ്‌ലിംകള്‍ക്കും സംവരണം അനുവദിച്ചു ഉത്തരവായി. സ്വാതന്ത്ര്യത്തിന്‌ശേഷം 1956 ല്‍ കര്‍ണാടക സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ സംവരണത്തെകുറിച്ച് പഠിക്കാന്‍ 1960ല്‍ ആര്‍. നഗന ഗൗഡ കമ്മിറ്റി രൂപംകൊണ്ടു. ഈ കമ്മിറ്റി മുസ്‌ലിംകളെ സംവരണ സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തി. മുസ്‌ലിംകള്‍ പൊതുവില്‍ ‘സോഷ്യലി ബേക്‌വേര്‍ഡ്’ ആണെന്നായിരുന്നു ഗൗഡയുടെ കണ്ടെത്തല്‍. ഭരണഘടനാനുസൃതമായിരുന്നു ഈ നടപടി. ഇത് ഭരണഘടവിരുദ്ധമാണെന്ന വാദം അന്നാരും ഉന്നയിച്ചിരുന്നില്ല. പിന്നീട് വന്ന ഹവാനൂര്‍ കമ്മീഷന്‍ (1975) മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സംവരണം വേണ്ടവിധത്തില്‍ നടപ്പാക്കുന്നില്ല എന്ന് കണ്ടെത്തി. 1984 ല്‍ നിലവില്‍വന്ന വെങ്കട്ടസ്വാമി കമ്മീഷനും മുസ്‌ലിം സംവരണത്തെ നിലനിര്‍ത്തി. 1990 ലെ ചിന്നപ്പ റെഡി കമ്മീഷന്‍ മുസ്‌ലിം സംവരണത്തെ സ്ഥിരീകരിക്കുകയും 1994 മുതല്‍ നാല് ശതമാനാക്കി നിജപ്പെടുത്തുകയും ചെയ്തു. ആകെയുള്ള 32 ശതമാനത്തില്‍ കേവലം നാല് ശതമാനം മാത്രമാണ് മുസ്‌ലിം സംവരണം എന്നോര്‍ക്കേണ്ടതുണ്ട്. അതും രണ്ട് ലക്ഷം രൂപക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.

ഭരണഘടനയിലെ അനുച്ഛേദം 16(4), 15(4) എന്നിവയാണ് സംവരണത്തെ കുറിച്ച് പറയുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാത്ത പൗരന്മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താവുന്നതാണ് എന്ന് 16 (4) വ്യക്തമാക്കുന്നു. അനുച്ഛേദം 15(4) ല്‍ ‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന’ (So-cially and Educationally backward) എന്ന് പ്രത്യേകം പറയുകയും ചെയ്തിരിക്കുന്നു. ഈ വാചകത്തെയാണ് കര്‍ണാടക സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനിക്കുന്നത്. ‘മതപരം’ എന്നല്ല, ‘സാമൂഹികവും വിദ്യാഭ്യാസപരവും’ എന്നാണ് പറഞ്ഞിരിക്കുന്നത്; അതുകൊണ്ട് മുസ്‌ലിംകള്‍ എന്ന നിലക്ക് സംവരണം അനുവദിക്കാന്‍ പറ്റില്ലെന്നാണ് അവരുടെ വാദം. സംവരണ വിരുദ്ധര്‍ എല്ലായിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന വാദമാണിത്. എന്നാല്‍ പലപ്പോഴായി കോടതികള്‍ വിധി പറഞ്ഞത് സാമൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മുസ്‌ലിം സമുദായത്തിന് സംവരണത്തിന് അര്‍ഹതയുണ്ട് എന്നാണ്. 2005 ലെ അര്‍ച്ചന റെഡ്ഡി ്‌ െആന്ധ്ര സ്റ്റേറ്റ് കേസില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി നല്‍കിയ വിധിയില്‍ ഇങ്ങനെ വായിക്കാം: ‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണ് എന്ന് കണ്ടെത്തിയതിനാല്‍ 15(4), 16(4) എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു സമൂഹം എന്ന നിലക്ക് മുസ്‌ലിംകള്‍ക്ക് സംവരണത്തിന് ഭരണഘടനാപരമായി അവകാശമുണ്ട്. മുസ്‌ലിം സമുദായത്തിനോ അവര്‍ക്കിടയിലെ വിഭാഗങ്ങള്‍ക്കോ സംവരണം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ മതേതരത്വത്തിന് എതിരല്ല.’

ഇങ്ങനെയുള്ള ധാരാളം കോടതി വിധികളും നിരീക്ഷണങ്ങളും ഈ വിഷയത്തിലുണ്ട്. ഇക്കാലമത്രയും മുസ്‌ലിം സമുദായത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിവന്നത് ആരുടെയെങ്കിലും ഔദാര്യത്തിന്റെ ഭാഗമായിട്ടായിരുന്നില്ല; മറിച്ച് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ കൃത്യമായ വിലയിരുത്തലുകളോടെയായിരുന്നു. വിവിധ കമ്മീഷനുകളും കമ്മിറ്റികളും പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ശതമാനങ്ങള്‍ നിശ്ചയിച്ച് സംവരണം കണക്കാക്കിവന്നത്. സര്‍ക്കാര്‍ തീരുമാനത്തിലൂടെ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുന്നതല്ല ഭരണഘടനവഴി സ്ഥാപിച്ച സംവരണ നയങ്ങള്‍. ഭരണഘടന മതിയായ പ്രാതിനിധ്യത്തെകുറിച്ചും പറയുന്നുണ്ട് എന്ന് സംവരണത്തെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അറിയേണ്ടതുണ്ട്. കര്‍ണാടകയില്‍ മുസ്‌ലിം സമുദായം 15 ശതമാനമാണ്. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ മൂന്നു ശതമാനം പോലും അവര്‍ക്ക് ഇതുവരെ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. നിലവിലുള്ള സംവരണത്തോത് ഉയര്‍ത്തിയെങ്കില്‍ മാത്രമേ മതിയായ പ്രാതിനിധ്യം ലഭിക്കൂ എന്ന് മുസ്‌ലിംകള്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് അവര്‍ക്ക് ലഭിച്ചുവന്നിരുന്ന തുച്ഛമായ നാല് ശതമാനം തന്നെ എടുത്തുകളയുന്നത്. ജുഡീഷ്യല്‍ ആക്ടിവിസത്തിനപ്പുറം ജനാധിപത്യമാര്‍ഗത്തിലുള്ള രാഷ്ട്രീയമായ പോരാട്ടങ്ങള്‍കൂടി ശക്തമാക്കിയെങ്കില്‍ മാത്രമേ മുസ്‌ലിം സമുദായത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ.

webdesk11: