ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതിനായി 31 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്‌നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടില്‍ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു.
വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ മുസ്ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.