ലഖ്‌നോ: ലോക്‌സഭയില്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുമെന്ന് വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാനാ ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നോമാനി പറഞ്ഞു.
ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍ ബോര്‍ഡ് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ വ്യക്തിനിയമ ബോര്‍ഡിലെ ആശങ്കകളെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതിന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉത്തരം നല്‍കണമെന്നും ബില്ലില്‍ ഭേദഗതി വരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതുവരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബില്ലിനെതിരെ വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കണമെന്ന് എ.ഐ.എം.പി.എല്‍.ബി അംഗം സഫര്‍യാബ് ജീലാനി പറഞ്ഞു. ഇന്നലെ ലോക്‌സഭയില്‍ പാസാക്കിയ ബില്ലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുസ്ലിം ചെറുപ്പത്താരെ തടവറയിലാക്കുന്ന ബില്ലിനോട് യോജിക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.