കോഴിക്കോട്: കേരള വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിട്ട സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. 1995 ലെ കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡിനെ മാത്രം ഒഴിവാക്കി വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ മാത്രം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരണം. ഒരേ വിഷയത്തില്‍ ഇരട്ട സമീപനം സ്വീകരിച്ചതിലെ ന്യായീകരണവും സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്തൊട്ടാകെ 106 ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ വഖഫ് ബോര്‍ഡിലുള്ളത്. ജീവനക്കാരുടെ നിയമനത്തിന് വഖഫ് ആക്ടിലും റഗുലേഷന്‍സിലും കൃത്യമായ മാനദണ്ഡങ്ങള്‍ പുറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് മാത്രമാണ് നിയമനം നടന്നത്. 2003 ന് ശേഷം ഒരു നിയമനവും നടന്നിട്ടുമില്ലെന്നും നിയമനവുമായി ബന്ധപ്പെട്ട് ഒരു ആരോപണവും ഇതുവരെയും ഉയര്‍ന്നുവന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പാര്‍ലിമെന്റ്, നിയമസഭ അംഗങ്ങളും വഖഫ് ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് നിയമനങ്ങള്‍ നടത്തുന്നത്. വഖഫ് ബോര്‍ഡിലെ നിയമനങ്ങളെ പറ്റി സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് സര്‍ക്കാരും വകുപ്പ് മന്ത്രിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വഖഫ് ബോര്‍ഡ് നിയമങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ മുസ്‌ലിം സംഘടനകള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
മതവിശ്വാസികളും മുസ്‌ലിം സ്ഥാപനങ്ങളോട് പ്രതിബന്ധതയുള്ളവരുമായിരിക്കണം വഖഫ് ബോര്‍ഡിന്റെ ചുമതല നിര്‍വ്വഹിക്കേണ്ടത്. പി.എസ്.സി മുഖേനയുള്ള നിയമനം ഈ വ്യവസ്ഥ ദുര്‍ബലപ്പെടാന്‍ സാഹചര്യമൊരുക്കും. പി.എസ്.സി മുഖേന വഖഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി നിയമനം എന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതും അങ്ങിനെ വന്നാല്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്ക് ഇടയാവുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ഭരണഘടനാ പ്രകാരം സംവരണ സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യ അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഒപ്പുവക്കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ പി സദാശിവത്തിന് മുസ്‌ലിം സംഘടനാ നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു.
തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. ജനുവരി എട്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ബഹുജന ധര്‍ണ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിവിധ മുസ്‌ലിം സംഘടനാ നേതാക്കളും ജനപ്രതിനിധികളും പ്രസംഗിക്കും. ധര്‍ണയുടെ പ്രചരണാര്‍ത്ഥം എറണാകുളത്തും കോഴിക്കോട്ടും ബഹുജന കണ്‍വന്‍ഷനുകള്‍ ചേരും.
26 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം സംഘടനാ കോ-ഓഡിനേഷന്‍ ചെയര്‍മാന്‍ എം.സി മായിന്‍ ഹാജി, കണ്‍വീനര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, കണ്‍വീനര്‍മാരായ വി അബ്ദുസലാം, ടി.എം ശരീഫ് മൗലവി, അംഗം ഫൈസല്‍ പള്ളിക്കണ്ടി സംബന്ധിച്ചു.