X

മുസ്‌ലിം പേരും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും

സുഫ്‌യാന്‍ അബ്ദുസ്സലാം

വസീം റിസ്‌വി എന്ന ഹിന്ദുത്വ രാഷ്ട്രീയക്കാരന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി ഇലക്ഷന്‍ കമ്മീഷന്റെ വിശദീകരണം തേടുകയുണ്ടായി. നവമ്പര്‍ 25ന് കമ്മീഷന്‍ കോടതിക്ക് നല്‍കിയ മറുപടി വളരെ വ്യക്തമാണ്. മുസ്‌ലിംലീഗിനെ നിരോധിക്കാനോ അതിന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിക്കാനോ നിലവിലുള്ള നിയമമനുസരിച്ച് സാധിക്കില്ല എന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. വസീം റിസ്‌വി പ്രധാനമായും ഉദ്ധരിച്ചത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ(5), 29എ(7) എന്നീ വകുപ്പുകളാണ്. രാഷ്ട്രീയ പാര്‍ട്ടിയായി റെജിസ്റ്റര്‍ ചെയ്യുന്ന ഒരു സംഘടന ഇന്ത്യന്‍ ഭരണഘടനയോടും സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നീ തത്വങ്ങളോടും വിശ്വാസവും വിധേയത്വവും പുലര്‍ത്തണമെന്നും ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കണമെന്നും മാത്രമാണ് പ്രസ്തുത വകുപ്പുകള്‍ അനുശാസിക്കുന്നത്. പാര്‍ട്ടിയുടെ പേരില്‍ ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പേരുകളോ അടയാളങ്ങളോ ഉണ്ടാവാന്‍ പാടില്ല എന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ എവിടെയും പറയുന്നില്ല. ഈ കാര്യം തന്നെയാണ് ഇലക്ഷന്‍ കമ്മീഷന്‍ സുപ്രീംകോടതിയെ ധരിപ്പിച്ചിട്ടുള്ളത്. ജനപ്രാതിനിധ്യ നിയമങ്ങളെ ദുര്‍വ്യാഖ്യാനിക്കാനാണ് ഹരജിക്കാരന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

മാത്രവുമല്ല, ഇലക്ഷന്‍ കമ്മീഷന്‍ സുപ്രീംകോടതിയെ ധരിപ്പിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇന്ത്യയില്‍ ഇപ്പോള്‍ മത സമുദായങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന പാര്‍ട്ടികള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച് വരുന്നവയായതിനാല്‍ അവയുടെ പേരുകള്‍ പൈതൃകനാമങ്ങളായി മാറിയിട്ടുണ്ട് എന്നതാണ്. നിലവിലുള്ള നിയമമനുസരിച്ച് പ്രസ്തുത പേരുകള്‍ മാറ്റാനുള്ള നിര്‍ദേശം പുറപ്പെടുവിക്കുവാന്‍ സാധിക്കില്ല എന്നും കമ്മീഷന് വ്യംഗ്യമായി സൂചന നല്‍കി. പതിറ്റാണ്ടുകളായി ഭരണഘടനാനുസൃതമായി മതനിരപേക്ഷ ജനാധിപത്യ തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ട് മതതീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗിന് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന സാക്ഷ്യപത്രം കൂടിയാണ് ഇത്. അതേസമയം, 2005നു ശേഷം മതത്തിന്റെ പേരിലുള്ള പാര്‍ട്ടികള്‍ക്ക് വേണ്ടി അപേക്ഷകള്‍ വന്നിട്ടില്ലെന്നും പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന പാര്‍ട്ടികളുടെ പേരില്‍ മതപരമായ അടയാളങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് 2014 ല്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഈ ഉത്തരവ് ഭരണഘടനാനുസൃതമായി നിലനില്‍ക്കുന്നതാണോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്.

മുസ്‌ലിംലീഗ്: പേരും പെരുമയും മതനിരപേക്ഷതയും ഭാഗം 1 വായിക്കാം

https://www.chandrikadaily.com/muslim-league-name-pride-and-secularism.html

ഹിന്ദുത്വവാദിയായ ഹരജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴേക്കും ചിലര്‍ മുസ്‌ലിംലീഗ് ഇതാ നിരോധിക്കപ്പെടാന്‍ പോകുന്നുവെന്ന തരത്തിലുള്ള സന്തോഷപ്രകടനം തുടങ്ങിക്കഴിഞ്ഞു. അതില്‍ വലിയ ആവേശം കാണിച്ചത് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. ‘പേരില്‍ മതം, ആശങ്കയില്‍ മുസ്‌ലിംലീഗ്, പേരും കൊടിയും മാറ്റേണ്ടിവരും’ എന്നായിരുന്നു അവരുടെ മുഖപത്രം നല്‍കിയ തലക്കെട്ട്. ഹിന്ദുത്വവാദികള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തിനെതിരെ കൊണ്ടുവരുന്ന കുത്സിത നീക്കത്തില്‍ ദേശാഭിമാനി എന്തിന് സന്തോഷിക്കണം? ഹിന്ദുത്വ വാദികളുടെ നീക്കം പ്രത്യയശാസ്ത്രപരമാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ പേരുകള്‍ മാത്രമല്ല, മറിച്ച് മാര്‍ക്‌സിസ്റ്റ്, കമ്മ്യുണിസ്റ്റ് തുടങ്ങിയ വര്‍ഗാധിഷ്ടിതവും പ്രത്യയശാസ്ത്രപരവുമായ മുഴുവന്‍ പേരുകളും അടയാളങ്ങളും അവരുടെ ഉന്മൂലന ലക്ഷ്യത്തില്‍ പെട്ടതാണെന്ന കാര്യം ദേശാഭിമാനിയും സിപിഎമ്മും മറന്നുപോവരുത്.

മുസ്‌ലിംലീഗില്‍ നിന്നും ‘മുസ്‌ലിം’ വെട്ടിമാറ്റുന്നതില്‍ ദേശാഭിമാനി പത്രം കാണിക്കുന്ന അമിതാവേശം എന്തുമാത്രം പരിഹാസ്യമാണ്. ദേശാഭിമാനിയിലെ വാചകങ്ങള്‍ ഇങ്ങനെയാണ്. ‘ജനപ്രാതിനിധ്യ നിയമപ്രകാരം മതാടിസ്ഥാനത്തില്‍ വോട്ട് ചോദിക്കരുതെന്നാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് കമീഷന്റെ റിപ്പോര്‍ട്ട് ഹര്‍ജിക്കാരന് അനുകൂലമാകാനാണ് സാധ്യത. പേര് മാറ്റുന്നത് ലീഗിന് വലിയ ക്ഷീണമാകും.’ മതാടിസ്ഥാനത്തില്‍ വോട്ടു ചോദിക്കുന്നതിന് മുസ്‌ലിംലീഗ് എതിരാണെന്ന സത്യം മറച്ചുപിടിച്ചുകൊണ്ടാണ് ഇവര്‍ സംസാരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് ഹരജിക്കാരന് അനുകൂലമാകണമെന്ന് ആഗ്രഹിച്ച ദേശാഭിമാനിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. മുസ്‌ലിംലീഗ് ക്ഷീണിക്കുന്നത് സ്വപ്‌നം കണ്ടിരിക്കുന്ന പത്രത്തിന് ഇലക്ഷന്‍ കമ്മീഷന്‍ വലിയ ക്ഷീണമാണ് സമ്മാനിച്ചിരിക്കുന്നത്.


മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ നിന്നും മുസ്‌ലിം എന്ന ഉപസര്‍ഗം ഒഴിവാക്കിയാല്‍ അതുകൊണ്ട് സമുദായത്തിനെന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രത്യേകാവകാശങ്ങളില്‍ പെട്ടതാണ് സമുദായ സ്വത്വത്തില്‍ അറിയപ്പെടാനുള്ള അവകാശം. രാഷ്ട്രീയത്തെ അതില്‍ നിന്നും അടര്‍ത്തിമാറ്റുന്നത് ന്യൂനപക്ഷങ്ങളുടെ മതം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി മറ്റു മേഖലകളിലേക്കുള്ള കടന്നുകയറ്റത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഈ ചോദ്യം ഉയരുന്നത്. മുസ്‌ലിംലീഗില്‍ നിന്നും ‘മുസ്‌ലിം’ എന്ന് ഒഴിവാക്കണമെന്ന നിയമം പ്രാവര്‍ത്തികമായാല്‍ സമീപഭാവിയില്‍ തന്നെ മുസ്‌ലിം പേരുകളില്‍ പ്രവര്‍ത്തിക്കുന്ന മത, വിദ്യാഭ്യാസ, സാംസ്‌കാരിക സംഘടനകളുടെ നിയമപരമായ നിലനില്‍പ്പും ചോദ്യചിഹ്നമായിത്തീരും.

പേരില്‍ മതത്തിന്റെയോ സമുദായത്തിന്റെയോ അടയാളങ്ങള്‍ ഉണ്ടോ എന്നതല്ല, മറിച്ച് സംഘടനയുടെ ലക്ഷ്യവും സുതാര്യതയും പ്രവര്‍ത്തനരീതിയുമാണ് പ്രസക്തമാവുന്നത്. ഇന്ത്യ മൂന്ന് തവണ നിരോധിച്ച ആര്‍.എസ്.എസിന്റെ നാമത്തില്‍ ഒരു മതത്തിന്റെയും അടയാളമില്ല. എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ മതതീവ്രവാദ സംഘമാണ് ആര്‍.എസ്.എസ് എന്ന കാര്യം ഏവരും സമ്മതിക്കുന്ന കാര്യമാണ്. ഏഴര പതിറ്റാണ്ടിന്റെ ചരിത്രവുമായി കുതിക്കുന്ന മുസ്‌ലിംലീഗിനെ ഒരു തവണ പോലും നിരോധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ പാര്‍ട്ടികളുടെ കൂട്ടത്തില്‍ എല്ലാവരും ഒരുപോലെ എണ്ണുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മുസ്‌ലിം എന്ന പേര് ഉള്ളതുകൊണ്ട് മുസ്‌ലിംലീഗിന് മതനിരപേക്ഷ സമൂഹത്തിന്റെ പിന്തുണ കിട്ടാതിരുന്നിട്ടില്ല. മുസ്‌ലിം സമുദായാംഗങ്ങള്‍ അല്ലാത്ത പരസഹസ്രം ആളുകള്‍ ലീഗില്‍ അംഗങ്ങളാണ് താനും. അതേസമയം മുസ്‌ലിംലീഗില്‍ നിന്നും മുസ്‌ലിം ഒഴിവാക്കി രൂപപ്പെട്ട പാര്‍ട്ടിക്ക് സമുദായത്തിന്റെയോ മതനിരപേക്ഷ സമൂഹത്തിന്റെയോ പിന്തുണ നേടാന്‍ കഴിഞ്ഞില്ല എന്നതും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ശരീഅത്ത് സംരക്ഷണം, ആരാധനാലയ സംരക്ഷണ നിയമം, മുസ്‌ലിം സ്ത്രീ സംരക്ഷണ ആക്റ്റ്, അറബി ഭാഷ സംരക്ഷണം തുടങ്ങി മുസ്‌ലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ മുസ്‌ലിം സമുദായം നേടിയെടുത്തത് മുസ്‌ലിംലീഗിലൂടെയായിരുന്നു. ഇതെല്ലാം മുസ്‌ലിംലീഗ് നേടിയെടുത്തത് മുസ്‌ലിംലീഗിനെ മനസ്സിലാക്കിയിട്ടുള്ള മതനിരപേക്ഷ കക്ഷികളെയും അവയുടെ നേതാക്കളെയും കൂടെ നിര്‍ത്താന്‍ സാധിച്ചതുകൊണ്ടു കൂടിയാണ്. പേരില്‍ നിന്ന് മുസ്‌ലിം ഒഴിവാക്കിയതുകൊണ്ടല്ല മുസ്‌ലിംലീഗിനെ പ്രസ്തുത കക്ഷികളും നേതാക്കളും അംഗീകരിച്ചിട്ടുള്ളത്. മുസ്‌ലിംലീഗിലെ ‘മുസ്‌ലിം’ കേവല വൈകാരികതയല്ല. മറിച്ച് അത് ഐഡന്റിറ്റിയുടെ ഭാഗമാണ്. ഭരണഘടന അംഗീകരിച്ചിട്ടുള്ള ഐഡന്റിറ്റി.

മുസ്‌ലിംലീഗ് ഒരു മുസ്‌ലിം രാഷ്ട്രീയ കക്ഷിയായി നില്‍ക്കുന്നതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനായി 1962ല്‍ ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ കീഴില്‍ അശോക് മേത്ത ചെയര്‍മാനായി നിയോഗിക്കപ്പെട്ട ‘വര്‍ഗീയതാ പഠന സമിതി’ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വീട്ടില്‍ വെച്ച് ഖാഇദേമില്ലത്തുമായി സംസാരിച്ചത് ചരിത്രരേഖകളില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നുണ്ട്. മുസ്‌ലിം പേര്, മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു പാര്‍ട്ടി തുടങ്ങിയ വിഷയങ്ങളില്‍ അശോക് മേത്തയുടെ ചോദ്യങ്ങള്‍ക്ക് നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ ഖാഇദേമില്ലത്ത് വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. മതം, ഭാഷ എന്നീ ഘടകങ്ങള്‍ മാത്രമാണ് ന്യൂനപക്ഷം എന്ന സംജ്ഞയുടെ പരിധിയില്‍ വരുന്നത് എന്നതുകൊണ്ട് മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണം മത സ്വത്വത്തെ വെളിപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നായിരുന്നു മേത്ത കമ്മീഷന് ഖാഇദേമില്ലത്ത് നല്‍കിയ മറുപടി. ആ മറുപടിക്ക് ശേഷം ഇന്നുവരെ ഇന്ത്യയിലെ ഒരു ഭരണകൂടവും മുസ്‌ലിംലീഗിനോട് മതേതരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടതായി കാണാന്‍ സാധിക്കില്ല. കാരണം ഉള്ളും പുറവും ഒരുപോലെ ശുദ്ധമായ, വര്‍ഗീയതയെയും തീവ്രവാദത്തെയും നാലയലത്ത് പോലും അടുപ്പിക്കാത്ത, സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന, ഭരണഘടനയോട് ആത്മാര്‍ത്ഥതയുള്ള, രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്.
(അവസാനിച്ചു)

 

Test User: