X

ഏകാധിപത്യ നിലപാട്; ജമ്മു കശ്മീരിനെ കേന്ദ്രം വഞ്ചിച്ചു: കെ.പി.എ മജീദ്

കോഴിക്കോട്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ വിഭജന സമയത്ത് ഇന്ത്യയോടൊപ്പം നിന്ന കശ്മീരിനെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ജമ്മു കശ്മീരിന് സ്വതന്ത്ര പദവി എന്നത് ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള ഉപാധിയും ആകര്‍ഷണവുമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രക്തച്ചൊരിച്ചിലിന്റെ അനുഭവങ്ങള്‍ മാത്രമുള്ള കശ്മീര്‍ ജനതയുടെയോ അവരുടെ പ്രതിനിധികളുടെയോ അഭിപ്രായം പോലും ചോദിക്കാതെ ഏകാധിപത്യ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. വൈവിദ്ധ്യങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യയെയും ഭരണഘടനയെയും പിച്ചിച്ചീന്തുന്ന നടപടിയാണിത്. കശ്മീരികളെ വേണ്ടെന്നും കശ്മീര്‍ മാത്രം മതിയെന്നുമുള്ള നിലപാട് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ധൃതിപിടിച്ചുള്ള ഈ നീക്കം കശ്മീരികളുടെ മനസ്സ് ഇന്ത്യക്കെതിരാക്കാന്‍ മാത്രമേ ഉപകരിക്കൂ. മേഖല സംഘര്‍ഷഭരിതമായാല്‍ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ ഇടപെടാനുള്ള അവസരമായി ഈ സാഹചര്യം മാറും. പാക്കിസ്ഥാനോടുള്ള ബന്ധവും വഷളാകാനാണ് സാദ്ധ്യത. അപ്രതീക്ഷിതമായ ഈ അടിച്ചേല്‍പ്പിക്കലിനെതിരെ ജനാധിപത്യവിശ്വാസികള്‍ രംഗത്തുവരണം. -കെ.പി.എ മജീദ് പറഞ്ഞു.
ഭരണഘടനയെ തൊട്ടുള്ള നിരന്തരമായ ഇടപെടലുകളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.പി.എ, മുത്തലാഖ്, സാമ്പത്തിക സംവരണം തുടങ്ങിയ ബില്ലുകള്‍ പാസ്സാക്കിയെടുക്കാന്‍ കാണിച്ച അതേ തിടുക്കമാണ് കശ്മീരിന്റെ കാര്യത്തിലും കേന്ദ്രത്തിനുണ്ടായത്. കശ്മീരിന്റെ വികസനത്തിനല്ല, വിനാശത്തിനാണ് ഈ നീക്കം കാരണമാവുക. അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് കശ്മീരിലുള്ളത്. പൗരസ്വാതന്ത്ര്യം ബലികഴിച്ച് ജനങ്ങളുടെ യാത്രയും അറിയാനുള്ള അവകാശം പോലും കൂച്ചുവിലങ്ങിട്ട് നടത്തുന്ന ഈ തീക്കളി രാജ്യത്തെ വലിയ വിപത്തുകളിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

chandrika: