X

മുസ്്‌ലിം ലീഗിന്റെ ഏഴു പതിറ്റാണ്ട്

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എഴുപതാം വയസിലേക്ക് പ്രവേശിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിന്‍ബലവും പ്രത്യാശകളുമാണ് ഈ പ്രസ്ഥാനം പകരുന്നത്. ഇന്നേക്ക് അറുപത്തൊമ്പതു കൊല്ലം മുമ്പ് – 1948 മാര്‍ച്ച് 10ന്- ചെന്നൈയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം നേതാക്കളുടെ യോഗത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രൂപീകരണം. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്്‌ലിംലീഗിന്റെ ജനനം രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര ഇന്ത്യയിലെ മുസ്്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപം കൊടുത്ത മഹിതമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന മഹത്തായ നേതൃ നിരക്കുകീഴില്‍ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കല്‍പം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്. രൂപീകരണ ഘട്ടം മുതല്‍ ഇന്നുവരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ചുപോരുന്നത് രാജ്യസേവനവും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്ര സങ്കല്‍പത്തിന്റെ സംസ്ഥാപനവും എന്ന ഖാഇദേമില്ലത്തിന്റെ ദൗത്യമാണ്. ഖാഇദേമില്ലത്ത് വിട്ടുപിരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത്, ഇന്ത്യയുടെ മതസൗഹാര്‍ദത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും വക്താവിനെയാണ് രാജ്യത്തിന് നഷ്ടമായത് എന്നായിരുന്നു.
രാഷ്ട്രപിതാവ് വര്‍ഗീയ ഭ്രാന്തനാല്‍ കൊലചെയ്യപ്പെടുന്നതിന് ഇരുപതുദിവസം മുമ്പ് 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവര്‍ണേഴ്‌സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ അവസാന ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു എത്തുന്നു. പ്രധാനമന്ത്രി നെഹ്‌റുവിന്റെ ദൂതുമായായിരുന്നു ബാറ്റന്റെ വരവ്. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു ഉപദേശം. ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞവാക്കുകള്‍ നിറഞ്ഞ ലക്ഷ്യബോധത്തോടെയുള്ളതും അതിധീരവുമായിരുന്നു. ‘എനിക്കതിന് കഴിയില്ല. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് സ്വന്തമായൊരു സംഘടന വേണമെന്ന് അവരാഗ്രഹിക്കുന്ന കാലത്തോളം അതുസംഭവിക്കുക തന്നെ ചെയ്യും.’ മുസ്്‌ലിംകളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി ഭരണഘടനാ നിര്‍മാണ സഭാംഗമെന്ന നിലയില്‍ ഖാഇദേമില്ലത്ത് നടത്തിയ പ്രസംഗത്തിലുണ്ടായിരുന്നു. വിഭജനാനന്തരം ഏറെ ദുരിതങ്ങള്‍ക്കിരയായിട്ടും ഇന്ത്യന്‍ മുസ്്‌ലിംകള്‍ കൈക്കൊണ്ട സംയമനവും രാജ്യസ്‌നേഹവും ബോധ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായ സദസ്സിനോടായി പറഞ്ഞു: രാജ്യത്തെ പൗരന്മാരുടെ സന്തുലിതമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ സംവരണം അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങളും ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് അതേപടി ലഭിക്കണം.
അന്നത്തെ മൂന്നരക്കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ ഹൃദയനഭസ്സിലെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിര്‍മാണ സഭയിലും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ഖാഇദേമില്ലത്തിലൂടെ പ്രതിഫലിച്ചത്. സ്വരാജ്യസ്‌നേഹം മുസ്്‌ലിമിന്റെ രക്തത്തിലലിഞ്ഞതാണെന്ന് തെളിയിക്കുന്നതായിരുന്നു ഖാഇദേമില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും നയനിലപാടുകളെല്ലാം. ഇന്ത്യയില്‍ വര്‍ഗീയതയും അഴിമതിയും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയെന്ന സല്‍പേര് നിലനിര്‍ത്താന്‍ എക്കാലവും മുസ്‌ലിം ലീഗിന് സാധിച്ചത് അതിന്റെ മഹത്തായ പൈതൃകവും നിസ്വാര്‍ത്ഥരായ നേതാക്കളുടെയും അനേകലക്ഷം അനുയായികളുടെയും കര്‍മ്മവിശുദ്ധിയും കൊണ്ടാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയില്‍ നിന്നും ഒറ്റപ്പെടലില്‍നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച കഠിന പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഖാഇദേമില്ലത്ത്, കെ.എം സീതിസാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ബി.പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് മുഹമ്മദ്‌കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്‌വാല, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, എ.കെ.എ അബ്ദസ്സമദ് തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ സമര്‍പ്പണം ഇതിനു കരുത്തുപകര്‍ന്നു. ഇന്ത്യയുടെ മതേതരവും സാംസ്‌കാരികവുമായ പാരമ്പര്യം മുറുകെപിടിച്ച് ജീവിക്കുകയാണ് രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും സമാധാനത്തിനും കരണീയം എന്നാണ് രാജ്യത്തെ ഓരോ പൗരനോടും മുസ്്‌ലിം ലീഗ് അഭ്യര്‍ത്ഥിക്കുന്നത്.
വിഭജനാനന്തരം കായികമായ ഭീഷണിയും സാമൂഹികമായ അവമതിപ്പും വിദ്യാഭ്യാസത്തിന്റെ അഭാവവുമായിരുന്നു ഇന്ത്യന്‍ മുസ്‌ലിംകളെ തുറിച്ചുനോക്കിയിരുന്നത്.
മുസ്്‌ലിം ലീഗിന്റെ
ഏഴു പതിറ്റാണ്ട്
സാമൂഹികവും രാഷ്ട്രീയവും മതപരവുമായ പരിഹാരമായിരുന്നു ഇതിന് ഖാഇദേമില്ലത്ത് മുന്നോട്ടുവെച്ചത്. രാജ്യത്തെ അധ:കൃതരുടെയും പിന്നാക്കക്കാരുടെയും ഉന്നമനം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായിട്ടില്ല. മുസ്‌ലിംകളുടെ അവസ്ഥയും അതില്‍നിന്ന് ഭിന്നമല്ലെന്നുമാത്രമല്ല, മറ്റുള്ളവരില്‍ നിന്ന് ഏറെ താഴെയുമാണ്. യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച മുസ്്‌ലിംകളുടെ സാമൂഹ്യനിലവാരം സംബന്ധിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ദാരിദ്ര്യരേഖക്കു കീഴിലുള്ളവരുടെ സംഖ്യ മുപ്പത്തൊന്നു ശതമാനമാണെന്നാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കൊല്‍ക്കത്തയടക്കമുള്ള പശ്ചിമ ബംഗാളിലെ ചേരികളിലും തെരുവുകളിലും ഇന്നും ഒരു നേരത്തെപോലും വിശടപ്പടക്കാന്‍ വഴിയില്ലാതെ കഴിയുന്നവര്‍ രാജ്യത്തെ രണ്ടാമത്തെ വലിയസമുദായത്തില്‍ പെട്ട ജനലക്ഷങ്ങളാണ്. പതിനെട്ടര കോടി മുസ്്‌ലിംകളില്‍ ഇന്നും പട്ടിണി മാറിയെന്നുപറയാന്‍ കഴിയാത്തത് സന്തുലിതമായ വികസനം സാധ്യമാകാത്തതുകാരണമാണ്. അമ്പതുകളില്‍ നടന്ന ചര്‍ച്ചയില്‍ ഭൂപരിഷ്‌കരണത്തിലൂടെ മാത്രമേ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനാകൂ എന്നനയത്തെ ലീഗും ഖാഇദേമില്ലത്തും പിന്തുണച്ചത് ഇതുകൊണ്ടായിരുന്നു.
രാജ്യത്തിന്റെ മതേതരത്വവും ദേശീയോദ്ഗ്രഥനവും സാധ്യമാക്കുന്നതും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതും ന്യൂനപക്ഷപിന്നാക്ക ജനതയുടെ അഭിവൃദ്ധിക്ക് അടിത്തറയൊരുക്കുന്നതുമായ ഒട്ടേറെ നിയമങ്ങള്‍ നിലവില്‍ വന്നത് നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം ലീഗിന്റെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടിയാണ്. സ്വതന്ത്ര ഇന്ത്യയില്‍, വ്യവസ്ഥാപിതമായി പാര്‍ലമെന്ററി സംവിധാനം നിലവില്‍വന്ന 1952 മുതല്‍ ഇന്നോളം രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയില്‍ സജീവ പങ്കാളിത്തമുള്ള സംഘടനയാണ് മുസ്‌ലിം ലീഗ്. മുസ്‌ലിംലീഗിന്റെ ഭരണ പങ്കാളിത്തംകൊണ്ടുള്ള നേട്ടം ഏറ്റവും നന്നായി അനുഭവിച്ചറിയുന്നവരാണ് കേരള ജനത. രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ മുസ്‌ലിംലീഗ് വഹിച്ച പങ്ക് രാഷ്ട്രീയ ചരിത്രത്തില്‍ ഇടംനേടിയതാണ്. ഇതെല്ലാം പ്രതീക്ഷയുടെ കിരണങ്ങളാകുമ്പോഴും നവ ഫാസിസ്റ്റുകള്‍ രാജ്യത്ത് പൂര്‍വാധികം ശക്തിപ്രാപിച്ചുവരികയാണെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂട. എല്ലാ ഭീഷണികളെയും പ്രതിരോധിക്കുന്നതിനു പൗരനുള്ള ഉപാധി ഇന്ത്യയുടെ ഭരണഘടന തന്നെയാണ്. ന്യൂനപക്ഷാവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ സാംസ്‌കാരികവും മതപരവുമായ സ്വത്വം പിന്തുടര്‍ന്ന് ജീവിക്കാന്‍ കഴിയും. നീതിന്യായവ്യവസ്ഥിതിയുടെയും ഭരണഘടനയുടെയും പിന്തുണ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാവുന്നതാണ്.
രാജ്യത്ത് ദലിത്-ന്യൂനപക്ഷ വിരുദ്ധരായ കുറച്ചാളുകളാണ് ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടുനടക്കുന്നതും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നതും. എന്തൊക്കെ കാടിളക്കിയാലും ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിജയിക്കാന്‍ പോകുന്നില്ല. അതിന് കാരണം ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷവും അതിന് എതിരാണെന്നതാണ്. ഇന്ത്യന്‍ മുസ്്‌ലിംകളെല്ലാം ഖബര്‍സ്ഥാന്‍ ഉപേക്ഷിച്ച് ശവദാഹം നടത്തണമെന്നാണ് ഫാസിസ്റ്റുകള്‍ പറയുന്നത്. മുസ്്‌ലിംകള്‍ മാത്രമല്ല മറ്റുപല സമുദായക്കാരും ശവദാഹം നടത്താറില്ല. ബി.ജെ.പിയിലെ തന്നെ എല്ലാവരും ഇതംഗീകരിക്കുന്നില്ല. മതത്തിന്റെ പേരിലുള്ള തീവ്ര വര്‍ഗീയ ചിന്താഗതിയെ മുസ്്‌ലിംലീഗ് ശക്തിയുക്തം എതിര്‍ക്കും. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് മുസ്‌ലിംലീഗിന്റെ പാരമ്പര്യം. ബാബരി മസ്ജിദ് തകര്‍ത്ത കാലത്തുപോലും അത്യന്തം വേദനാജനകമായിരുന്നിട്ടും സംയമനത്തിന്റെ ഭാഷയാണ് മുസ്‌ലിംലീഗ് സമൂഹത്തിന് പകര്‍ന്നുകൊടുത്തത്. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് താല്‍കാലികമായ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു.
പിന്നാക്ക ന്യൂനപക്ഷത്തോടൊപ്പം സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, പാവപ്പെട്ടവര്‍ എന്നിവരുടെയെല്ലാം ക്ഷേമത്തിനാണ് പാര്‍ട്ടി നിലകൊള്ളുന്നത്. ഇന്ത്യയിലെ ജനതയെ വൈജാത്യങ്ങള്‍ മറന്ന് ഒരുമിപ്പിച്ചുനിര്‍ത്താന്‍ കഴിവുള്ള പാര്‍ട്ടി എന്ന നിലക്ക് രാജ്യത്തെ മതേതര ചേരിക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു കഴിയും. അതവര്‍ നിര്‍വഹിക്കുമെന്നുതന്നെയാണ് മുസ്‌ലിംലീഗിന്റെ പ്രതീക്ഷ. അന്യരുടെ അവകാശം കവര്‍ന്നെടുക്കുകയില്ലെന്നും അതേസമയം തന്നെ തങ്ങളുടെ അവകാശത്തെ ഒരിഞ്ചുപോലും വിട്ടുകൊടുക്കുകയില്ലെന്നുമാണ് മുസ്‌ലിം ലീഗിന്റെ സിദ്ധാന്തം. മഹാനായ സി.എച്ചിന്റെ ഈ വാചകങ്ങളാണ് ഇന്നും മുസ്‌ലിംലീഗിനെ നയിക്കുന്നത്. ഇതിലൂന്നിനിന്നുകൊണ്ട് രാജ്യത്തിന്റെയും എല്ലാപൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ദുര്‍ബലരുടെയും രക്ഷക്കായി വിവിധ മതേതരസംഘടനകളുമായി ചര്‍ച്ച നടത്തി മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതില്‍ രാജ്യവും ജനതയും ഈ സംഘടനക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.

chandrika: