തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം കൊണ്ടുവന്ന വേളയില്‍ മുസ്‌ലിം ലീഗ് ഇനി എന്തു ചെയ്യും എന്ന് ബേജാറു കൂട്ടിയ ഒരുപാട് പേരുണ്ടായിരുന്നു. ലീഗിന്റെ കാര്യം പോക്കാണ് എന്നു പറഞ്ഞു നടന്നവരും ഏറെ. ഭര്‍ത്താക്കന്മാരുടെ പടം വച്ച് ഭാര്യമാര്‍ക്ക് വോട്ടുപിടിക്കാന്‍ ആവശ്യപ്പെടുന്ന പാര്‍ട്ടി എന്ന പഴി ഈ തെരഞ്ഞെടുപ്പിലും കേട്ടു, ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിന്ന്.
സ്ത്രീയും അവരുടെ അധികാര പ്രാതിനിധ്യവും മുമ്പത്തേക്കാള്‍ ഏറെ അപഗ്രഥനം ചെയ്യപ്പെടുന്ന വേളയിലാണ് ത്രിതല തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ചയാകുന്നത്. പതിവു മുഖങ്ങള്‍ കൊണ്ടല്ല, ചുറുചുറുക്കും ഉശിരുമുള്ള പെണ്ണുങ്ങളുടെ സാന്നിധ്യം കൊണ്ട്.
പഠിപ്പും തന്റേടവുമുള്ള പെണ്‍കുട്ടികളാണ് ഇത്തവണ ലീഗിന്റെ പട്ടികയ്ക്ക് ചേലു കൂട്ടിയത്. അതില്‍ സിഎച്ചിന്റെ ജന്മനാടായ അത്തോളിയില്‍ അങ്കത്തിനിറങ്ങുന്ന അനഘ നരിക്കുനി മുതല്‍ ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തസ്‌നി വരെയുണ്ട്.
വനിതകളുടെ കടന്നു വരവിനെ കുറിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സുഹറ മമ്പാട് എഴുതുന്നത് ഇങ്ങനെ;
‘ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് വനിതാ സംവരണം വന്നപ്പോള്‍ പരിഹാസത്തോടെ ലീഗ് ഇനിയെന്തു ചെയ്യും ? ലീഗിനു മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കിട്ടുമോ? എന്നൊക്കെ ചോദിച്ചവര്‍ പിന്നീട് കണ്ടത് ലീഗിന്റെ വനിതാ ജനപ്രതിനിധികള്‍ നടത്തിയ ഔട്ട്സ്റ്റാന്‍ഡിങ് പെര്‍മോന്‍സ് ആയിരുന്നു. ഞങ്ങളില്‍ പലരും ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷങ്ങള്‍ ജനപ്രതിനിധികളായി. ഇന്ന് ആ തലമുറയും മാറുകയാണു. ഇന്ന് ഞങ്ങളുടെ കുട്ടികള്‍ ജനാധിപത്യ മത്സര രംഗത്തേക്കെത്തുന്നു അവര്‍ ഉന്നതമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്’
പുതുതലമുറയിലെ സ്വപനങ്ങളെ കുറിച്ച് സുഹറ എഴുതുന്നത് ഇങ്ങനെയാണ്; ‘പുതിയ തലമുറയുടെ സ്വപ്‌നങ്ങള്‍ ഇതൊന്നുമല്ല. അവര്‍ ആകാശവും നക്ഷത്രങ്ങളും ലക്ഷ്യം വച്ചവരാണു. അവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ കൂടുതലാവും. ഇനി നമ്മുടെ നാടുകള്‍ ആ സ്വപ്‌നങ്ങളിലേക്ക് ചുവടുവെക്കും. അവര്‍ക്ക് പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഓരോ കാല്‍വെപ്പിലും ഞങ്ങളുണ്ടാവും. ഞങ്ങള്‍ തരണം ചെയ്തതോ തട്ടിനിന്നതോ ആയ കടമ്പകളില്‍ അവര്‍ക്കൊപ്പമുണ്ടാവും. അവരൊരിക്കലും വീഴില്ല, വീഴാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്‌നങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ പൂര്‍ത്തീകരിക്കും’.
മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ വനിതാവിഭാഗമായ ഹരിതയാണ് പുതിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഹരിതയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി നിരവധി ചെറുപ്പക്കാരികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നി വയനാട് ജില്ലാ പഞ്ചായത്തിലേക്ക് പനമരം ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. ഗവേഷക വിദ്യാര്‍ത്ഥിനിയാണ് മുഫീദ. സംഘടനയുടെ ജനറല്‍ സെക്രട്ടറി അഡ്വ. നജ്മ തബ്ഷിറ പെരിന്തല്‍മണ്ണ ബ്ലോക് പഞ്ചായത്തിലെ തിരൂര്‍ക്കാട് ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടറി അനഘ നരിക്കുനി കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അത്തോളി ഡിവിഷനില്‍ നിന്ന് മത്സരിക്കുന്നു. സിഎച്ച് മുഹമ്മദ് കോയയുടെ ജന്മനാടില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത് എന്ന വൈകാരിക തലവുമുണ്ട്.
കണ്ണൂരില്‍ ഹരിത ജില്ലാ പ്രസിഡണ്ട് അസ്മിന അഷ്‌റഫ് പരിയാരം ഡിവിഷനില്‍ നിന്നും മത്സരിക്കുന്നു. കല്യാശേരി ബ്ലോക് പഞ്ചായത്ത് ഏഴോം ഡിവിഷനില്‍ നിന്ന് നഹല സഹീദ്, പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുണിയ വാര്‍ഡില്‍ നിന്ന് ഷഹീദ റാഷിദ് തുടങ്ങിയവരും മത്സരരംഗത്തുണ്ട്.