X

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ സന്നാഹങ്ങളുമായി മുസ്‌ലിം ലീഗ്‌

വയനാട്ടിലെ രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വിപുലമായ സജ്ജീകരണങ്ങളുമായി മുസ്‌ലിം ലീഗ്. കൺട്രോൾ റൂം തുറന്ന് പ്രത്യേകം ക്യാമ്പ് ചെയ്താണ് മുസ്‌ലിം ലീഗ് നേതാക്കൾ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും വയനാട് ജില്ലാ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ദുരന്തമേഖലയിൽ പ്രവർത്തകരും നേതാക്കളും സജീവമാണ്. യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ ആദ്യ ദിവസം മുതൽ രക്ഷാ പ്രവർത്തനത്തിന് കൈ മെയ് മറന്ന് രംഗത്തുണ്ട്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരമാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ രാവിലെ പ്രത്യേക അവലോകന യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തു.

മുസ്‌ലിം ലീഗിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംവിധാനങ്ങളുടെ ആംബുലൻസുകൾ സദാ സജ്ജമായി ദുരന്തഭൂമിയിലുണ്ട്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്ത പുനരധിവാസ പദ്ധതി വിജയിപ്പിക്കുന്നതിന് ശാഖാതലങ്ങളിൽ വരെ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ നേതാക്കൾ ദുരന്തഭൂമിയിൽ സഹായത്തിനുണ്ട്. പരിശീലനം ലഭിച്ച 70 യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം സർക്കാർ റെസ്‌ക്യൂ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സാധ്യമായ എല്ലാ രീതിയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുസ്‌ലിം
ലീഗ് രംഗത്തുണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പി.കെ ബഷീർ എം.എൽ.എ കൺവീനറായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. സി. മമ്മൂട്ടി, പി.കെ ഫിറോസ്, ടി.പി ജിഷാൻ, പി. ഇസ്മായിൽ എന്നിവരാണ് സമിതി അംഗങ്ങൾ. ദുരന്ത മേഖലയിൽ ആവശ്യമായ എല്ലാ കാര്യങ്ങളും സജ്ജീകരിക്കുന്നതിനും വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിച്ചേർന്ന വൈറ്റ് ഗാർഡ് വളണ്ടിയർമാർക്ക് നിർദേശങ്ങൾ നൽകുന്നതിനും ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായ വിതരണം ക്രോഡീകരിക്കുന്നതിനും ഈ സമിതിയാണ് നേതൃത്വം നൽകുന്നത്. സമിതി അംഗങ്ങൾ മേപ്പാടിയിൽ ക്യാമ്പ് ചെയ്ത് വയനാട് ജില്ലാ മുസ്‌ലിം
ലീഗ് കമ്മിറ്റിയുമായി ചേർന്നാണ് ഏകോപനം നടത്തി കൊണ്ടിരിക്കുന്നത്.

webdesk13: