2023 ജൂലൈ 05, 06 തിയ്യതികളില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ നടത്തിയ എക്സിക്യുട്ടീവ് ക്യാമ്പ് അംഗീകരിച്ച പ്രമേയങ്ങള്‍.
1. മഴക്കെടുതി മൂലം കേരളത്തില്‍ പ്രയാസം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. പൊതുജനാരോഗ്യ മേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. മഴക്കാലമായതോടെ ഒരു ലക്ഷത്തോളം ആളുകള്‍ പനിക്കിടക്കയിലാണ്. ഇവര്‍ക്ക് യഥാവിധി ചികിത്സ ലഭിക്കുന്നില്ല. ആവശ്യ മരുന്നുകളോ ഡോക്ടര്‍മാരോ ഇല്ലാതെ പ്രാഥമികാരോഗ്യ മേഖല പ്രതിസന്ധിയിലാണ്. തെക്കന്‍ കേരളത്തില്‍ 3500 പേര്‍ക്ക് ഒരു ഹെല്‍ത്ത് സെന്റര്‍ എന്ന കണക്കാണെങ്കില്‍ മലബാറില്‍ പതിനായിരം പേര്‍ക്ക് ഒരു ഹെല്‍ത്ത് സെന്ററുമില്ലാതെ പ്രയാസപ്പെടുകയാണ്. പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം.
2. നമ്മുടെ രാജ്യത്തിന്റെ ഐക്യം നിലകൊള്ളുന്നത് വൈവിധ്യത്തിലാണ്. ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള പുതിയ ചര്‍ച്ച മുസ്ലിംകളെ മാത്രമല്ല മുഴുവന്‍ മതേതര വിശ്വാസികളെയും വേദനിപ്പിക്കുന്നതാണ്. ഏകീകൃത സിവില്‍ നിയമം എന്ന ഈ ചിന്താഗതി തന്നെ നമ്മുടെ സമൂഹത്തിന്റെ സഹിഷ്ണുതയുടേയും ആദര്‍ശങ്ങളുടേയും പരമ്പരാഗത ചൈതന്യത്തെ ആക്രമിക്കുന്നതാണ്. ഈ ചിന്ത ബഹുസ്വര സമൂഹത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെടുന്നു.
3. മണിപ്പൂര്‍ കലാപം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഭക്ഷ്യ ക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഈ പ്രദേശങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നൂറുകണക്കിന് ക്രിസ്തീയ ദേവാലയങ്ങളും ക്രിസ്തീയ ഭവനങ്ങളും കലാപത്തില്‍ കത്തിയമര്‍ന്നു. ആയിരങ്ങള്‍ അഭയാര്‍ത്ഥികളായി. ഇന്ത്യയിലെ ഓരോ പൗരന്റെയും ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. കലാപം അവസാനിപ്പിച്ച് മണിപ്പൂരില്‍ ശാന്തിയും സമാധാനവും ഉറപ്പ് വരുത്താന്‍ ഭരണകൂടം ഇടപെടണം.
4. പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും മലബാറില്‍ സീറ്റില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദ നിലപാടാണ് സ്വീകരിക്കുന്നത്. മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുപ്പതിനായിരത്തിലധികം കുട്ടികള്‍ പുറത്ത് നില്‍ക്കുന്ന ഗുരുതര സാഹചര്യം ആശങ്കയുളവാക്കുന്നതാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ മുസ്ലിംലീഗ് പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കും. പ്ലസ് വണ്‍ സീറ്റിനു വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ വിലങ്ങിട്ട് മനുഷ്യാവകാശ ലംഘനം നടത്തിയ പോലീസ് നടപടിയെ പ്രമേയം അപലപിച്ചു.
5. വിദ്യാഭ്യാസ മേഖലയില്‍ സംവരണ അട്ടിമറി നടന്നുകൊണ്ടിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ കമ്യൂണിറ്റി സംവരണം അട്ടിമറിക്കാന്‍ പ്ലസ് വണ്‍ അഡ്മിഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തിരക്കിട്ട് കമ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ നല്‍കി നഗ്‌നമായ സംവരണ അട്ടിമറിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ കൂടുതല്‍ ചര്‍ച്ചകളും സമരങ്ങളും ഉയരണമെന്ന് ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
6. കര്‍ഷകര്‍ക്ക് കേരളത്തില്‍ ഏറ്റവും ദുരിതപൂര്‍ണമായ സാഹചര്യമാണുള്ളത്. സാധാരണയായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലും സര്‍ക്കാര്‍ എടുത്തുകളഞ്ഞിരിക്കുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മതിയായ താങ്ങുവില ലഭിക്കുന്നില്ല. ഉല്‍പന്നങ്ങളുടെ സംഭരണം ശരിയായ രീതിയില്‍ നടക്കുന്നില്ല. കര്‍ഷക വിരുദ്ധമായ ഇത്തരം നയങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരയണമെന്ന് ആവശ്യപ്പെടുന്നു.
7. സീസണ്‍ സമയങ്ങളില്‍ പ്രവാസികളില്‍നിന്ന് ടിക്കറ്റ് ചാര്‍ജ്ജ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്ന നടപടികളില്‍നിന്ന് പിന്തിരിയാന്‍ വിമാനക്കമ്പനികള്‍ തയ്യാറാവണമെന്നും ഇതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നു.
8. കാലിക്കറ്റ് എയര്‍പോര്‍ട്ടിന്റെ വികസനത്തിന് സ്ഥലം ഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തി കേരള സര്‍ക്കാര്‍ വികസനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.
9. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിക്കുകയും വടക്കേ മലബാറിലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് എയര്‍പോര്‍ട്ട് വികസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.
10. വിലക്കയറ്റവും അഴിമതിയും കാരണം കേരളത്തിലെ ഇടത് ഭരണത്തില്‍ ജനജീവിതം ദുസ്സഹമായി. പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.
11. കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിലേക്കും യൂണിവേഴ്സിറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുമുള്ള സ്ഥിരം, താല്‍ക്കാലിക നിയമനങ്ങളില്‍ നടക്കുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കണമെന്നും ഇതേതുടര്‍ന്നുണ്ടായ ബാക്ക് ലോഗ് നികത്തണമെന്നും ആവശ്യപ്പെടുന്നു.
തീരുമാനങ്ങള്‍
1. മുസ്ലിംലീഗിനെ പിന്നോക്ക- ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സമ്പൂര്‍ണ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനമാക്കുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
2. ഫാസിസത്തിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാകുന്നു.
2. മൂന്നാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത മലബാറിലെ ഗുരുതര സാഹചര്യം ബോധ്യപ്പെടുത്താന്‍ ക്യാമ്പില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രമേയമനുസരിച്ച് മുഖ്യമന്ത്രിയുമായി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തും.
3. ഏക സിവില്‍ കോഡ് വിഷയത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അക്കമിട്ട് നിരത്തി ലോ കമ്മിഷന് പ്രവര്‍ത്തകര്‍ സന്ദേശമയക്കും.