കണ്ണൂര്‍: മതേതരത്വത്തെ തകര്‍ക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാകണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഏകപക്ഷീയ നടപടി കൈകൊള്ളുന്ന ഭരണകൂടം ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഡ്യമറിയിച്ചും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കണ്ണൂര്‍ വിമാനത്താവളത്തിന് മുന്നില്‍ നടന്ന മുസ്ലിംലീഗ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലികുട്ടി.
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് മിണ്ടാനാകാത്ത അവസ്ഥയാണ്. പ്രതികരിക്കുന്നവരെ നിയമകുരുക്കിലാക്കി അടിച്ചമര്‍ത്താനാണ് ശ്രമം. ജനജീവിതം തന്നെ ഭീതിയിലാക്കിയ ഭരണത്തിന് അറുതിയുണ്ടാവേണ്ടിയിരിക്കുന്നു. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനം ഒറ്റക്കെട്ടായി പ്രതികരിക്കണം. ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിംലീഗ് രംഗത്തുണ്ടാകും. ബി.ജെ.പി ഭരണം അവസാനിപ്പിച്ച് മതേതര ഐക്യമുണ്ടാക്കാനാകണം. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മതേതര സഖ്യത്തിന് മാത്രമേ രാജ്യത്ത് സമാധാനാമുണ്ടാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, അബ്ദുറഹിമാന്‍ കല്ലായി, പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി, സി മമ്മൂട്ടി, സി.കെ സുബൈര്‍, പാറക്കല്‍ അബ്ദുല്ല, എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്,കെ.കെ.എം അഷ്‌റഫ്, ജില്ലാ ഭാരവാളികളായ അബ്ദുല്‍ കലീം ചേലേരി, കെ.ടി സഹദുല്ല, മഹമൂദ് കടവത്തൂര്‍ പങ്കെടുത്തു.