കോഴിക്കോട്: അവശ ലക്ഷങ്ങളുടെ കണ്ണീരൊപ്പിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന മാതൃകാ പദ്ധതി കേരളത്തിലെ ലക്ഷക്കണക്കിനു നിര്‍ധന രോഗികള്‍ക്കു ആശ്വാസമായിരുന്നു. ഇതു നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. കാരുണ്യ പദ്ധതി നടപടി ക്രമങ്ങള്‍ ലളിതവും സുതാര്യവും സാധാരണക്കാര്‍ക്ക് അതിവേഗം ലഭ്യവുമായിരുന്നു. യു.ഡി.എഫ് കാലത്ത് ലക്ഷത്തില്‍പരം രോഗികള്‍ക്ക് ആയിരത്തോളം കോടി രൂപ ആശ്വാസ ധനം നല്‍കിയത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ ചരിത്രമാണ്. ഇതിനുപകരം കൊണ്ടുവരുമെന്ന് പറയുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വ്യക്തതയില്ലാത്തതും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമല്ലാത്തതുമാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് റാം ബയോളജി കമ്പനിയെ കണ്‍സല്‍ട്ടന്റായി നിശ്ചയിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പിന്‍വാതിലിലൂടെയുമാണെന്നും മറ്റൊരു പ്രമേയത്തില്‍ കുറ്റപ്പെടുത്തി. 605 കോടിയോളം രൂപയുടെ പദ്ധതി കേരളത്തിന് നഷ്ടപെടുന്ന അവസ്ഥയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത വാപ്‌കോസ് കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമാണ്. അവരെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് കൊടുത്തതില്‍ കോടികളുടെ അഴിമതിയും രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പാലാരിവട്ടം പാലത്തിന്റെ പേരില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിനെതിരായ പ്രചാരണം വസ്തുതകളുമായി ബന്ധമില്ലാത്തതും രാഷ്ട്രീയപ്രേരിതവുമാണെന്നു പ്രവര്‍ത്തകസമിതി വിലയിരുത്തി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചതും ഉദ്ഘാടനം ചെയ്ത വി.എസ് സര്‍ക്കാറിന്റെ സമയത്ത് തുടങ്ങിയതും ഉദ്ഘാടനം ചെയ്തതുമായി നൂറുക്കണക്കിന് പാലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന ഭൂരിപക്ഷം പദ്ധതികളും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിവെച്ചതാണ്.
പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാറുകാരന്‍ ഡിഫക്ട് ലയബിലിറ്റി ക്ലോസ് പ്രകാരം ഇപ്പോഴുണ്ടായ തകരാറുകള്‍ സ്വന്തം ചെലവില്‍ പരിഹരിക്കാമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. വസ്തുത മറച്ചുവെച്ച് പാര്‍ലമെന്റ് തെരഞ്ഞടുപ്പിലെ ദയനീയ പ്രകടനത്തിന്റെ ജാള്യത ഒഴിവാക്കാനും എറണാകുളം ഉപതെരഞ്ഞെടുപ്പ് ലാക്കാക്കിയും സമരവും പുകമറയും സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി.
നാളികേര സംഭരണ വില 27ല്‍ നിന്ന് 36 രൂപയെങ്കിലും ആയി വര്‍ധിപ്പിച്ച് കേര കര്‍ഷകരെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഭരണ കേന്ദ്രങ്ങള്‍ പോലും നിശ്ചയിക്കാതെയാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇടതു സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം നാളികേര സംഭരണം മുടങ്ങിക്കിടക്കുകയാണെന്നും കര്‍ഷക ദ്രോഹത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം. കെ മുനീര്‍ എം.എല്‍. എ, നിയമസഭാ പാര്‍ട്ടി ഉപലീഡര്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷകഘടകം പ്രതിനിധികള്‍, പ്രര്‍ത്തകസമിതി അംഗങ്ങള്‍ പങ്കെടുത്തു.
ലക്ഷങ്ങളുടെ കണ്ണീരൊപ്പിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് മുസ്്‌ലിംലീഗ്
Tags: karuniyamuslim league