X

തബ്‌റേസ് അന്‍സാരിയുടെ കുടുംബത്തിന് നിയമ പോരാട്ടത്തിന് പിന്തുണ നല്‍കി മുസ്‌ലിം യൂത്ത്‌ലീഗ്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിയുടെ പേരില്‍ ആള്‍ക്കൂട്ടം അടിച്ച് കൊന്ന തബ് റേസ് അന്‍സാരിയുടെ കുടുംബത്തിന് സുപ്രിം കോടതിയെ സമീപിക്കാന്‍ നിയമ സഹായവുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. തബ്‌റേസിന്റെ വിധവ ഷഹിസ്ത പര്‍വീ ണിനൊപ്പം മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡണ്ട് അഡ്വ.വി.കെ ഫൈസല്‍ ബാബു, കത്വ കേസിലെ അഭിഭാഷകന്‍ അഡ്വ: മുബീന്‍ ഫാറൂഖി എന്നിവര്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫുസൈല്‍ അയ്യൂബിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി.
കഴിഞ്ഞ ജൂണ്‍ 18നാണ് തബ്‌റേസ് കൊല്ലപ്പെട്ടത്. രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാവിനെ ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ തന്നെ ഇതിനെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് തബ് റേസ് മരണപ്പെട്ടുവെങ്കിലും മരണകാരണം ഹൃദയസ്തംഭനമാണെന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്. ഇത് പ്രതികള്‍ക്ക് വേണ്ടികേസ് അട്ടിമറിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ഭാര്യ ഷഹിസ്ത ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നിഷ്പക്ഷമായ അന്വേഷണവും, വിചാരണയും ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാന്‍ കുടുംബത്തിന് സഹായവുമായി മുസ്ലിം യൂത്ത് ലീഗ് മുന്നോട്ട് വന്നത്.ബാബരി മസ്ജിദ് കേസിലെ അഭിഭാഷകരായ ഫുസൈല്‍ അയ്യൂബി നിരവധി കേസുകളില്‍ ഇരകള്‍ക്ക് വേണ്ടി നിലയുറപ്പിക്കുന്ന ആക്റ്റിവിസ്റ്റ് കൂടിയാണ്.
ഷഹിസ്തയോടൊപ്പം മാതാവ് ഷഹനാസ് ബീഗം,തബ്‌റേസിന്റെ മാതൃസഹോദരന്‍ അക്ബര്‍ അന്‍സാരി, ജാര്‍ഖണ്ഡ് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കണ്‍വീനര്‍ ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
കേസിന്റെ നിലവിലെ സാഹചര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ നേതാക്കളും യൂത്ത് ലീഗ് നേതാക്കളും തുടര്‍ നടപടികള്‍ തീരുമാനിച്ച് മുന്നോട്ട് പോകും.
ജയ് ശ്രീരാംവിളിയുടെ പേരില്‍ മനുഷ്യരെ അടിച്ച് കൊല്ലുന്നവര്‍ യഥാര്‍ത്ഥത്തില്‍ ശ്രീരാമ നിന്ദ നടത്തുകയാണെന്ന് സി കെ സുബൈര്‍ പറഞ്ഞു. തബ്‌റേസ് അന്‍സാരിക്കു നീതി ലഭിക്കാനുള്ള നിയമപോരാട്ടത്തില്‍ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

web desk 1: