X

മുസ്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഐ തങ്ങള്‍ അന്തരിച്ചു

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റും ചന്ദ്രിക മുന്‍പത്രാധിപരുമായ എം.ഐ തങ്ങള്‍(76) അന്തരിച്ചു. രാവിലെ 9.30ഓടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ (ഞായർ) രാവിലെ 7.30 ന്‌ മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ. ഉച്ചക്ക് പന്ത്രണ്ടുമണിമുതല്‍ എടവണ്ണ പത്തംപിരിയത്തെ വസതിയില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കും.

വര്‍ത്തമാനം പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍, മാപ്പിളനാട് പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രഭാഷകന്‍, ചിന്തകന്‍, രാഷ്ട്രീയ സൈദ്ധാന്തികന്‍, തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

മഞ്ചേരിക്കടുത്ത് കാരക്കുന്നില്‍ എം കുഞ്ഞിക്കോയ തങ്ങളുടേയും ശരീഫാ ഖദീജാബീവിയുടേയും മകനായാണ് ജനനം. മഞ്ചേരി സ്‌കൂളിലും ഹൈദരാബാദിലുമായിരുന്നു പഠനം. കേരളത്തിലെ ബഹുമുഖ പ്രതിഭകളില്‍ ശ്രദ്ധേയനാണ് എം ഐ തങ്ങള്‍. ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യം നേടിയ എം ഐ തങ്ങള്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഗള്‍ഫ് നാടുകളിലും സഞ്ചരിച്ചിട്ടുണ്ട്.

ഇ അഹമ്മദ് സ്മാരക സേവനരത്‌ന പുരസ്‌കാരം, റഹീം മേച്ചേരി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

വഹാബിപ്രസ്ഥാന ചരിത്രം, ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, ആഗോളവത്കരണത്തിന്റെ അനന്തരഫലങ്ങള്‍ എന്നിവയാണ്. വിപ്ലവത്തിന്റെ പ്രവാചകന്‍, കര്‍മശാസ്ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിവര്‍ത്തന ഗ്രന്ഥങ്ങളാണ്.

വിപ്ലവത്തിന്റെ പ്രവാചകന്‍, കര്‍മശാസ്ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം എന്നീ വിവര്‍ത്തന ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയാണ്.

ശരീഫ ശറഫുന്നിസയാണ് ഭാര്യ. ശരീഫ നജ്മുന്നീസ, ശരീഫ സബാഹത്തുന്നീസ,സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീന്‍ അഹ്‌സന്‍, സയ്യിദ് മുഹമ്മദ് അല്‍ത്താഫ്, സയ്യിദ് മുജ്തബ വസീം എന്നിവര്‍ മക്കളാണ്.

chandrika: