മലപ്പുറം; മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. 18 പേര്‍ക്കുള്ള 14,74,000 രൂപയാണ് ഇന്നലെ പദ്ധതിയുടെ ചെയര്‍മാന്‍കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറിയത്. പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട ഏഴ് പേരുടെ കുടുംബങ്ങള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ കഴിയുന്ന 11 പേര്‍ക്കുമാണ് ആനുകൂല്യം നല്‍കിയത്.
പൂക്കോട്ടൂര്‍, ചീക്കോട്, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ രണ്ട് പേര്‍ക്കും പോത്ത്കല്ല്, കണ്ണമംഗലം, കുഴിമണ്ണ, കൊണ്ടോട്ടി, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, കാലടി, കൂട്ടിലങ്ങാടി, പൊന്മള, തവനൂര്‍, തെന്നല, പള്ളിക്കല്‍ പഞ്ചായത്തിലെ ഒരോരുത്തര്‍ക്കുമാണ് ഇന്നലെ തുക കൈമാറിയത്. പാണക്കാട് നടന്ന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും പദ്ധതിയുടെ കണ്‍വീനറുമായ അഡ്വ യുഎ ലത്തീഫ്, കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ മൂത്തേടം, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ കെ മുഹമ്മദുണ്ണിഹാജി, അരിമ്പ്രമുഹമ്മദ് മാസ്റ്റര്‍, എം അബ്ദുള്ളക്കുട്ടി, സി മുഹമ്മദാലി, സലീംകുരുവമ്പലം, ഉമ്മര്‍ അറക്കല്‍, പികെസി അബ്ദുറഹിമാന്‍, കെഎം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി പങ്കെടുത്തു.
രോഗങ്ങള്‍കൊണ്ടും വേണ്ടപ്പെട്ടവരുടെ വേര്‍പ്പാടുകള്‍കൊണ്ടും മാനസികമായും സാമ്പത്തികമായും തളരുന്നവര്‍ക്ക് താങ്ങും തണലുമായി മുസ്‌ലിംലീഗ് പാര്‍ട്ടിയുണ്ടെന്ന സന്ദേശമാണ് സാമൂഹ്യ സുരക്ഷ പദ്ധതിയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരമുള്ള ഇന്‍ഷൂറന്‍സ് തുക കൈമാറിയതിന് ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്ത് പ്രയാസം ഉണ്ടായാലും മുസ്‌ലിംലീഗ് പാര്‍ട്ടി കൂടെ ഉണ്ടാകും. അനുദിനം വര്‍ധിച്ച് വരുന്ന രോഗങ്ങളും പെട്ടന്നുള്ള മരണങ്ങളുമെല്ലാം കാരണം താറുമാറാകുന്ന കുടുംബങ്ങള്‍ ധാരാളം നമ്മുക്കിടയിലുണ്ട്. അത്തരക്കാരെ സഹായിക്കുക എന്നതാണ് സാമൂഹ്യ സുരക്ഷ സ്‌കീം കൊണ്ട് മുസ്‌ലിംലീഗ് ഉദ്ദേശിക്കുന്നത്. സ്‌കീമില്‍ അംഗമായിരിക്കെ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷവും രോഗം പിടിപെടുന്നവര്‍ക്ക് രോഗത്തിന്റെ തീവ്രതക്കനുസരിച്ചുള്ള ചികിത്സ തുകയും നല്‍കിവരുന്നു. കൂടുതല്‍ പ്രവര്‍ത്തകര്‍ സ്‌കീമിന്റെ ഭാഗമാകാന്‍ രംഗത്തുവരുന്നുണ്ടെന്നും പദ്ധതി വലിയ രീതിയില്‍ ഗുണം ചെയ്യുന്നുണ്ടെന്നും തങ്ങള്‍ പറഞ്ഞു.