X
    Categories: indiaNews

ഡോ.ഹാനീബാബുവിന് എതിരെയുള്ള നീക്കം നീതിനിഷേധം; രാഷ്ട്രപതിയിടപെടണം: മുസ്‌ലിം ലീഗ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ വമിര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെയുള്ള ഭരണകൂട വേട്ടയാണ് ഭീമകോറിഗാവ് കേസന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്ന് മുസ്‌ലിംലീഗ്. പാര്‍ട്ടി എംപിമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് കേസന്വേഷണത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ ഡോ. ഹാനിബാബു അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന നീക്കം സ്വാഭാവിക നീതിയുടെ നിഷേധമാണന്നും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി.

എക്കാലത്തും വ്യക്തിസ്വാതന്ത്രത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും അക്കാദമിക് ചിന്തകന്‍മാര്‍ക്കെതിരെയടക്കം നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രതലവനന്ന നിലയില്‍ രാഷ്ട്രപതിയിടപെടണമെന്നും മുസ്‌ലിംലീഗ് എംപിമാര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്ന പേരിലാണ് ഡോ. ഹാനി ബാബുവിനെതിരെ യു.എ.പി.എ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് കേസ്സെടുത്തത്. ഭീമാ കൊറിഗാവ് ആക്രമസംഭവങ്ങള്‍ ദലിതര്‍ക്കെതിരെ അരങ്ങേറിയതാണന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായതാണ്.

ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത ചിലരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുമ്പോഴാണ് അക്കാദമിക, നിയമമേഖലകളില്‍ നിന്നുള്ളവരെ വ്യക്തമായ തെളിവുകള്‍ പോലുമില്ലാതെ ജാമ്യംലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത്. ഇത് സമൂഹത്തില്‍ വലിയ അരക്ഷിതാവസ്ഥക്ക് വഴിവെക്കുമെന്നും മുസ്‌ലിം ലീഗ് എംപിമാര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി സര്‍വ്വകലാശാലയിലെ ഒബിസി സംവരണ അട്ടിമറിയെ വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടു വന്ന വ്യക്തിയാണ് ഹാനിബാബു. സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ അംബേദ്ക്കറിസ്റ്റ് മൂല്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ വേട്ടയാടുന്ന നിലപാട് തിരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടി, ഇടി. മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ് കനി എന്നിവരാണ് കേസില്‍ നീതിപൂര്‍വ്വമായ സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

Test User: