കോഴിക്കോട്: കാരാട്ട് റസാഖ് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ ശക്തമാണെന്ന് ലീഗ് നേതൃത്വം. കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സത്യത്തിന്റെ വിജയമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു. കാരാട്ട് റസാഖിനെതിരായ തെളിവുകള്‍ ശക്തമാണ്. സുപ്രീംകോടതിയില്‍ പോയാലും റസാഖിനെതിരായ വിധി ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതാണ് കേസില്‍ നേട്ടമായതെന്ന് എം.കെ മൂനീര്‍ എം.എല്‍.എ പറഞ്ഞു. ഷാജിയെ നിയമസഭാ നടപടികളില്‍ നിന്ന് വിലക്കിയ സ്പീക്കര്‍ കാരാട്ട് റസാഖിന്റെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണെന്നും മൂനീര്‍ പറഞ്ഞു.
എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങള്‍ നടത്തിയതിനാണ് കാരാട്ട് റസാഖിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. റസാഖ് മാസ്റ്റര്‍ക്കെതിരെ വ്യാജ അഴിമതിയാരോപണങ്ങള്‍ അടക്കം ഉന്നയിക്കുന്ന വീഡിയോകള്‍ നിര്‍മിച്ച് പ്രചാരണത്തിനുപയോഗിച്ചുവെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.